ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം എന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി. അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍ അനസ്‌തേഷ്യ നല്‍കാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂയെന്ന് കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിക്കും.
മന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം എന്നിരിക്കെ, സെന്തില്‍ ബാലാജിയുടെ വകുപ്പ് കൈമാറ്റത്തിന് ഉടക്കിട്ട ഗവര്‍ണര്‍ക്കെതിരെ തെരുവിലും പ്രതിഷേധം കത്തിക്കുകയാണ് ഡിഎംകെ . വൈകീട്ട് കോയമ്പത്തൂരില്‍ ഡിഎംകെ സഖ്യത്തിന്റെ പ്രതിഷേധ സംഗമവുമുണ്ട്.
സര്‍വ്വകലാശാലകളിലെ ബിരുദദാന ചടങ്ങ് ഗവര്‍ണര്‍ മുടക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ആര്‍ എന്‍ രവി ഭരണഘടനയെ ബഗുമാനിക്കാന്‍ പഠിക്കണമെന്ന് കനിമൊഴി എംപി പറഞ്ഞു .അതേസമയം വിഐപി ചടങ്ങുകളില്‍ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കി. അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തില്‍ വൈദ്യുതി മുടങ്ങിയത് വിവാദമായതിന് പിന്നാലെയാണ് നിര്‍ദ്ദേശം .