ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ സെന്റിനല്‍ ദ്വീപില്‍ യുഎസ് പൗരന്‍ എത്തിയത് സെന്റിനലി ഗോത്രവിഭാഗത്തിന്റെ കൂടെ ചേര്‍ന്നു കഴിയാനായിരുന്നെന്നു വെളിപ്പെടുത്തല്‍. ഇതിനായി കറുപ്പ് നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ചാണു കൊല്ലപ്പെട്ട ജോണ്‍ അലന്‍ ചൗ ദ്വീപിലേക്കു പോയത്. അതിര്‍ത്തി ലംഘിച്ചു ദ്വീപിലേക്കു കടക്കുന്നതിനു ജോണിനെ സഹായിച്ച മൂന്നു മല്‍സ്യത്തൊഴിലാളികളില്‍ നിന്നാണു ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു മനസ്സിലായത്. കുറേ മാസങ്ങള്‍ ദ്വീപില്‍ താമസിക്കുന്നതിനും യുഎസ് പൗരനു താല്‍പര്യം ഉണ്ടായിരുന്നതായും മല്‍സ്യത്തൊഴിലാളികള്‍ മൊഴി നല്‍കി.
സന്റിനലി ഗോത്രവിഭാഗത്തിന്റേതിനു സമാനമായ രൂപത്തിലെത്തി അവരുടെ വിശ്വാസം നേടാനായിരുന്നു ചൗവിന്റെ പദ്ധതി. 1960 കളുടെ മധ്യത്തില്‍ ദ്വീപിലെത്തിയ സര്‍ക്കാര്‍ സംഘത്തിന്റെ വസ്ത്രങ്ങളും മറ്റും ദ്വീപ് വാസികള്‍ കൗതുകത്തോടെ തൊട്ടുനോക്കുന്ന വീഡിയോ ജോണ്‍ അലന്‍ ചൗ കണ്ടിരുന്നു. ചൗ ഒരു ബാഗ് ദ്വീപില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മല്‍സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ചൗ ദ്വീപില്‍ ഒളിപ്പിച്ച ബാഗിനെക്കുറിച്ചു തങ്ങള്‍ക്കു വിവരമൊന്നുമില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാസ്‌പോര്‍ട്, തുണികള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, മരുന്നുകള്‍ എന്നിവയെല്ലാമായിരുന്നു ബാഗില്‍. സെന്റിനലി വിഭാഗവുമായി ബന്ധം സ്ഥാപിച്ചശേഷം തിരികെയെടുക്കുന്നതിനാണ് ഇത് ഒളിപ്പിച്ചതെന്നാണു കരുതുന്നത്.
ഒരുപക്ഷേ, ദ്വീപ് വാസികള്‍ അതു കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടാകാം. തനിക്കെതിരെ വീണ്ടും അക്രമം ഉണ്ടാകുമെന്ന് ചൗ ഭയന്നിരുന്നു. അങ്ങനെയുണ്ടായാല്‍ സുരക്ഷാ സൗകര്യങ്ങള്‍ക്കു വേണ്ടിയാണു സൂചികളും മരുന്നുകളും ഉള്‍പ്പെടെ സൂക്ഷിച്ചിരുന്നത്.
നവംബര്‍ 17നാണു രണ്ടാം തവണ ജോണ്‍ സെന്റിനല്‍ ദ്വീപിലേക്കു പോയത്. ദ്വീപ് നിവാസികളുടെ അമ്പേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 40 മുതല്‍ 400 വരെ സെന്റിനലി വിഭാഗക്കാര്‍ ഇവിടെ ഉണ്ടെന്നാണ് കരുതുന്നത്.
നവംബര്‍ 16ന് ആദ്യ തവണ ദ്വീപിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ അക്രമത്തില്‍ ഇയാളുടെ തോണി തകര്‍ന്നിരുന്നു. തുടര്‍ന്ന് 300 മുതല്‍ 400 മീറ്റര്‍ വരെ നീന്തിയാണ് ഇയാള്‍ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടിനു സമീപമെത്തിയത്. 17ന് ദ്വീപിലേക്കു തിരികെ പോകുന്നതിനു മുന്‍പ് ചൗ എഴുതിയ കുറിപ്പിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
‘പേടിയുണ്ട്.. . എനിക്ക് മരിക്കാന്‍ താല്‍പര്യമില്ല. . ഇത് ഉപേക്ഷിക്കുന്നതാണ് നല്ലത്. എനിക്ക് പകരം ഇതു തുടരുന്നതിനു മറ്റാരെയെങ്കിലും ഏല്‍പിക്കണം’ ഇക്കാര്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. അതേസമയം, ദ്വീപിന് സമീപമുള്ള പൊലീസ് സംഘത്തെ സെന്റിനലി ഗോത്ര വര്‍ഗ്ഗക്കാര്‍ മരങ്ങളിലിരുന്നു നിരീക്ഷിക്കുകയാണ്. ഗോത്ര വിഭാഗക്കാരെ ശല്യം ചെയ്യാതെ ചൗവിന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.