ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രത്യേക വോട്ടര്‍ പട്ടിക നടപ്പാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് അഹമദിയ സമുദായക്കാര്‍ രാജ്യത്ത് 25ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് റിപ്പോര്‍ട്ട്.
പ്രത്യേക വോട്ടര്‍ പട്ടിക തയ്യാറാക്കിയ നടപടി മതത്തിന്റെ പേരിലുള്ള വിവേചനമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പാക്കിസ്ഥാനിലെ അഹമദിയ സമൂഹത്തെ നിഷേധിക്കുന്നതാണെന്നും കാണിച്ചാണ് പ്രതിഷേധിക്കുന്നത്.
പാക്കിസ്ഥാനില്‍ അഹ്മദിസ് സമൂഹത്തോടു പലപ്പോഴും വിവേചനം കാണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1974 ലെ ഭരണഘടന ഭേദഗതി അനുസരിച്ച് അവരെ മുസ്ലിംമുകളായി പരിഗണിക്കുന്നില്ല എന്നതാണ് ഈ വിവേചനത്തിന് കാരണമാകുന്നത്. സാമൂഹികമായും രാഷ്ട്രീയമായും പാക്കിസ്ഥാനില്‍ ഈ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് നാലു മില്യണ്‍ അഹ്മദിസിനു വേണ്ടി പ്രത്യേക വോട്ടര്‍ പട്ടിക സൃഷ്ടിച്ച നടപടി.