റിയാദ്: സ്വദേശിവത്കരണത്തിന്റെ അടുത്ത ഘട്ടമായി സൗദിയില്‍ 12 മേഖലകളിലെ ജോലികള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമാക്കുന്നു. അടുത്ത അഞ്ച് മാസത്തിനുള്ളില്‍ പല ഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
സെപ്റ്റംബര്‍ 11 മുതലാണ് സ്വദേശിവത്കരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. കാര്‍, മോട്ടോര്‍ സൈക്കിള്‍ ഷോറൂമുകള്‍, വസ്ത്ര വില്‍പ്പനശാലകള്‍, കുട്ടികളുടെ വസ്ത്ര വില്‍പ്പനശാലകള്‍, മെന്‍ ആക്‌സസറീസ് ഷോറൂമുകള്‍, ഹോം-ഓഫീസ് ഫര്‍ണിച്ചര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ആദ്യ ഘട്ടത്തില്‍ വിദേശികളെ ഒഴിവാക്കുന്നത്.
രണ്ട് മാസത്തിന് ശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ വാച്ച് കടകള്‍, ഐ ഗ്ലാസ് ഷോപ്പുകള്‍, ഇലക്ട്രിക്-ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, എന്നിവയായിരിക്കും ഉള്‍പ്പെടുന്നത്. ജനുവരി പകുതിയോടെയാണ് മൂന്നാം ഘട്ടം ആരംഭിക്കുന്നത്. ഇതില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, കണ്‍സ്ട്രക്ഷന്‍ വസ്തുക്കള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, കാര്‍പ്പെറ്റ് കടകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എന്നിവയും സൗദി പൗരന്മാര്‍ക്ക് മാത്രമായി നീക്കി വെയ്ക്കും. സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ അഞ്ചു ലക്ഷം സൗദികള്‍ക്ക് തൊഴിലവസരമാണ് ലക്ഷ്യം. എന്നാല്‍ സെപ്റ്റംബറോടെ കട ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഭൂരിഭാഗം പ്രവാസികളും. ലെവി ഇരട്ടിച്ചതോടെ പ്രതിസന്ധിയിലായിരുന്നു ഭൂരിഭാഗം പേരും. തുച്ഛ വരുമാനമുള്ള പലര്‍ക്കും ഇതോടെ ഇതരവഴികള്‍ തേടേണ്ടി വരും.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ളതുള്‍പ്പടെയുള്ള ജോലികളില്‍ വിദേശികളെ നിലനിര്‍ത്താനാണ് നീക്കമുള്ളത്. എന്നാല്‍ നിശ്ചിത എണ്ണം സൗദികളെ നിയമിക്കുന്നവര്‍ക്കേ ഇത് ഉപയോഗപ്പെടുത്താനാകൂ. ഇതോടെ രണ്ടോ മൂന്നോ പേര്‍ ജോലി ചെയ്യുന്ന കടകളില്‍ സ്വദേശിയെ നിയോഗിക്കേണ്ടി വരും. കരടു ഗൈഡ് അനുസരിച്ച് ഒരു ജീവനക്കാരന്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ സൗദികള്‍ക്കു മാത്രമാണ് ജോലി ചെയ്യാനാകുന്നത്. ഇതില്‍ കൂടുതലാണെങ്കില്‍ 70 ശതമാനം സൗദികളാകണമെന്നും, ഇത് പ്രകാരം 2 ജീവനക്കാരുണ്ടെങ്കില്‍ ഒരാള്‍ സ്വദേശിയായിരിക്കണമെന്നും ആണ് നിയമമുള്ളത്.
മൂന്നോ നാലോ ജോലിക്കാര്‍ വേണ്ട സ്ഥാപനങ്ങളില്‍ രണ്ടു പേര്‍ സ്വദേശികളാകണം. അഞ്ചു പേര്‍ വേണ്ട സ്ഥാപനത്തില്‍ മൂന്ന് പേര്‍ വേണം വിദേശികള്‍. ആറോ ഏഴോ ജോലിക്കാരുണ്ടെങ്കില്‍ അതില്‍ നാലും സ്വദേശികളാകണം. എട്ടു പേരുണ്ടെങ്കില്‍ അതില്‍ അഞ്ചും ഒമ്പതു പേരുണ്ടെങ്കില്‍ അതില്‍ ആറും സ്വദേശികളാകണം. പത്ത് പേരുണ്ടെങ്കില്‍ 7ഉം, നൂറ് പേരുണ്ടെങ്കില്‍ അതില്‍ 70ഉം സൗദികളാകണമെന്ന് നിയമത്തിലുള്ളത്. സ്വദേശിവത്കരണം തുടങ്ങുമ്പോള്‍ വിദേശികളുടെ വിവിധ സ്ഥാപനങ്ങള്‍ പൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.