ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ച് സെര്‍ബിയ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെര്‍ബിയയുടെ ഗംഭീര തിരിച്ചുവരവ്. ഇതോടെ ഖത്തറിലേക്കുള്ള യോഗ്യത സെര്‍ബിയ സ്വന്തമാക്കി. തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കില്‍ പോര്‍ച്ചുഗല്‍ ഇനി പ്ലേഓഫ് കളിക്കണം. എതിരാളി ആരാണ് എന്ന് വ്യക്തമായിട്ടില്ല.
ഖത്തര്‍ യോഗ്യതയ്ക്ക് ഒരു സമനില മതി എന്ന നിലയിലാണ് പോര്‍ച്ചുഗല്‍ ഞായറാഴ്ച വൈകീട്ട് സെര്‍ബിയയുമായി ഏറ്റുമുട്ടാനിറങ്ങിയത്. ആ വഴിക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങിയതും. കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ പോര്‍ച്ചുഗലിനായി റെനറ്റോ സാഞ്ചസ് ആദ്യ ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് റെനറ്റോ ഗോള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ അരമണിക്കൂറിനപ്പുറം 33ാം മിനുറ്റില്‍ ദസന്‍ ടാഡികിലൂടെ സെര്‍ബിയ തിരിച്ചടിച്ചു. ആര്‍ക്കും പരിക്കുകളില്ലാതെ ഒന്നാം പകുതി കഴിഞ്ഞു.
രണ്ടാം പകുതിയില്‍ അതും കളി അവസാനിക്കാനിരിക്കെയാണ്(90ാം മിനുറ്റ്) പോര്‍ച്ചുഗീസ് ആരാധകരുടെ ഹൃദയം തകര്‍ത്ത ഹെഡര്‍ ഗോള്‍ വരുന്നത്. പകരക്കാരനായി ഇറങ്ങിയ അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് ആ ഗോള്‍ കണ്ടെത്തിയത്. ടാഡിച്ചിന്റെ മനോഹരമായ ക്രോസില്‍ നിന്നായിരുന്നു മിട്രോവിച്ചിന്റെ സുന്ദര ഗോള്‍. തന്റെ പെനാല്‍ട്ടി നഷ്ടം രാജ്യത്തിനു യൂറോ യോഗ്യത നഷ്ടമാക്കിയപ്പോള്‍ അതിനു രാജ്യത്തിനു ലോകകപ്പ് യോഗ്യത നേടി നല്‍കിയാണ് ഇത്തവണ മിട്രോവിച്ചിന്റെ പ്രായശ്ചിത്തം. പന്ത് അടക്കത്തില്‍ അടക്കം സെര്‍ബിയ ആണ് കൂടുതല്‍ മുന്നിട്ട് നിന്നത്.