മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ രണ്ട് സെറ്റുകളിലും ജോക്കോവിച്ച് 6-0 ത്തിന് എതിരാളിയെ നിഷ്പ്രഭമാക്കി.
മൂന്ന് മത്സരങ്ങള്‍കൂടി ജയിച്ചാല്‍ 25 ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന നേട്ടത്തിലേക്ക് തന്റെ റെക്കോര്‍ഡ് ഉയര്‍ത്തുവാന്‍ ജോക്കോവിച്ചിന് കഴിയും. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ഓസ്‌ട്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ജോക്കോവിച്ച്.
മൂന്നാം സെറ്റില്‍ 6-3നും ജോക്കോവിച്ച് ജയിച്ചു. സ്‌കോര്‍ 6-0, 6-0, 6-3. വിജയത്തോടെ 58-ാം തവണ ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടറെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ജോക്കോവിച്ച് എത്തി. റോജര്‍ ഫെഡററിന് മാത്രമാണ് ഇതിന് മുമ്പ് 58 ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ എന്ന നേട്ടമുള്ളത്.