സെറിന വില്യംസിന് പരിക്ക്; വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ലണ്ടന്‍: യു എസ് താരം സെറിന വില്യംസ് പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണില്‍ നിന്ന് പിന്മാറി. ഏഴ് തവണ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള സെറിന ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെയാണ് മടങ്ങുന്നത്. ബലാറസിന്റെ അലക്സാണ്ട്ര സാസ്നോവിച്ചുമായുള്ള മത്സരത്തിനിടെയാണ് സെറിനയുടെ കാലിന് പരിക്കേല്‍ക്കുന്നത്. ആദ്യ സെറ്റില്‍ സ്‌കോര്‍ 3-3ല്‍ നില്‍ക്കുമ്പോഴായിരുന്നു 39 കാരിയുടെ പിന്മാറ്റം.

എട്ടാം കിരീടം ലക്ഷ്യമിട്ടാണ് സെറിന വിംബിള്‍ഡണിനെത്തിയത്. 24 ഗ്രാന്‍ഡ് സ്ലാം കിരീടനേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ നേട്ടത്തിനൊപ്പമെത്താനും സെറിന കൊതിച്ചു. എന്നാല്‍ കണ്ണീരോടെ മടങ്ങാനായിരുന്നു. സാസ്നോവിച്ചിനെതിരെ ഒരു ബാക്ക്ഹാന്‍ഡ് കളിച്ച ശേഷം കാലിലെ വേദനകൊണ്ട് കോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു താരം. പിന്നീട് കരഞ്ഞുകൊണ്ട് ടൂര്‍ണമെന്റിനോട് വിട വാങ്ങി.

അതേസമയം സെറിനയുടെ സഹോദരി വീനസ് വില്യംസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റൊമാനിയയുടെ മിഹെയ്ല ബുസര്‍നെസ്‌കുവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വീനസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 5-7, 6-4, 3-6. ഗ്രീസിന്റെ മരിയ സക്കറി 6-1, 6-1ന് ഡച്ച് താരം റസിനെ തകര്‍ത്ത് രണ്ടാം റൗണ്ടിലെത്തി.

വനിതകളിലെ ഒന്നാം സീഡ് അഷ്ലി ബാര്‍ട്ടി 6-1 6-7 6-1ന് സ്പാനിഷ് താരം സുവാരസ് നവാരോയെ തോല്‍പ്പിച്ചു. 2018ലെ ചാംപ്യന്‍ ആംഗ്വലിക് കെര്‍ബറും രണ്ടാം റൗണ്ടിലെത്തി. സെര്‍ബിയയുടെ നിന സ്റ്റൊജാനോവിച്ചിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് ജര്‍മന്‍ താരം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4 6-3.

പുരുഷ വിഭാഗത്തില്‍ നേരത്തെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാറിനൊ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതാണ് ഫെഡറര്‍ക്ക് തുണയായത്. നാല് സെറ്റ് പിന്നിട്ടപ്പോഴാണ് മന്നാറിയോയുടെ പിന്മാറ്റം. ആദ്യ സെറ്റ് നേടിയ ഫെഡറര്‍ അടുത്ത രണ്ട് സെറ്റിറ്റും കീഴടങ്ങിയിരുന്നു. നാലാം സെറ്റ് ഫെഡററെടുത്തു. സ്‌കോര്‍ 6-4 6-7 3-6 6-2.

രണ്ടാം സീഡ് ഡാനില്‍ മെദ്വദേവ, 14-ാം സീഡ് ഹുബെര്‍ട്ട് ഹര്‍കസ്, നാലാം സീഡ് അലക്സാണ്ടര്‍ സ്വരേവ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.

 

 

Top