ന്യൂയോര്‍ക്ക്: ടെന്നിസ് ഇതിഹാസം സെറീന വില്യംസ് കോർട്ടിലേക്ക് മടങ്ങിയെത്തുമോയെന്ന ചോദ്യത്തിന് പ്രാധാന്യം വർധിക്കുന്നു. താൻ വിരമിച്ചിട്ടില്ലെന്നാണ് സെറീന പറയുന്നത്. തിരിച്ചുവരാന്‍ സാധ്യത കൂടുതലാണെന്നും അവർ വ്യക്തമാക്കി. 27 വർഷത്തെ ടെന്നിസ് കോർട്ട് ജീവിതത്തിലെ അവസാന ടൂർണമെന്റാകും യുഎസ് ഓപ്പൺ എന്ന് ഈ വർഷമാദ്യം സെറീന വ്യക്തമാക്കിയിരുന്നു.
ലോകടെന്നിസിന് നൽകിയ സംഭാവനകൾക്ക് നന്ദിയറിയിച്ചായിരുന്നു യുഎസ് ഓപ്പൺ സെറീനയുടെ വിരമിക്കൽ ടൂർണമെന്റിൽ ആദരമർപ്പിച്ചത്. എന്നാൽ ടെന്നിസിൽ നിന്ന് മാറിയുള്ള ജീവിതമില്ലെന്ന് അന്ന് തന്നെ വ്യക്തമാക്കിയ സെറീന കോർട്ടിലേക്ക് തിരിച്ചുവരുമെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്. താൻ ടെന്നിസിൽ നിന്ന് വിരമിച്ചിട്ടില്ലെന്ന് വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. കോര്‍ട്ടിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ വളരെ വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്‍റെ വീട്ടിലേക്ക് വരാം. അവിടെയൊരു ടെന്നീസ് കോര്‍ട്ടുണ്ട്. വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും ഞാന്‍ ചിന്തിക്കുന്നില്ല-സെറീന പറഞ്ഞു.
ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഇനി ടെന്നീസ് കോര്‍ട്ടിലേക്ക് പോകേണ്ടെന്ന തോന്നല്‍ എന്നെ അസ്വസ്ഥയാക്കി. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഒരു മത്സരം കളിക്കാതിരിക്കുന്നത്. ഇനിയുള്ള എന്‍റെ ജീവിതത്തിലെ ആദ്യ ദിവസം പോലെയാണ് എനിക്കത് തോന്നിയത്. അത് ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ് ഞാനിപ്പോഴും. താൻ ഓസ്ട്രേലിയയെ എക്കാലവും ഇഷ്ടപ്പെട്ടിരുന്നുവെന്ന പരാമർശം അടുത്ത വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണില്‍ സെറീന കളിക്കുമെന്നതിന്‍റെ സൂചനയെന്നാണ് വിലയിരുത്തൽ.
41 വയസ്സുകാരിയായ സെറീന, പ്രസവത്തിനായി നേരത്തെ ടെന്നിസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു.