ന്യൂയോർക്ക്: താൻ ഗർഭിണിയാണെന്ന വാർത്ത അബദ്ധത്തിൽ പുറത്തായതാണെന്ന് സെറീന വില്യംസ്.
മഞ്ഞനിറത്തിലുള്ള നീന്തൽ വേഷത്തിൽ നിൽക്കുന്ന ചിത്രം 20 ആഴ്ചയെന്ന അടിക്കുറിപ്പോടെ സ്നാപ്ചാറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സെറീനയുടെ വിശേഷം പുറംലോകം അറിഞ്ഞത്.
സ്നാപ്ചാറ്റിൽ ചിത്രം വന്നതിനു പിന്നാലെ സെറീനയുടെ വക്താവ് കെല്ലി ബുഷ് നൊവാകാണ് വാർത്ത സ്ഥിരീകരിച്ചത്. സംഭവം സ്ഥിരീകരിച്ചതോടെ ആ ഫോട്ടോ നീക്കുകയും ചെയ്തു.
എന്നാൽ സ്നാപ് ചാറ്റിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടതൊരു കൈയബദ്ധമായിരുന്നെന്ന് സെറീന പറയുന്നു. ഗർഭിണിയായ ശേഷം എല്ലാ ആഴ്ചയും ശരീരത്തിന്റെ മാറ്റം അറിയുന്നതിന് ചിത്രം പകർത്താറുണ്ടായിരുന്നു.
ഇത്തരത്തിൽ പകർത്തിയ ചിത്രം ഫോണിൽ സേവ് ചെയ്യുന്നതിനിടെ സ്നാപ്ചാറ്റിൽ ലോഡ് ചെയ്യുകയായിരുന്നു. അറിഞ്ഞുകൊണ്ട് ചിത്രം പോസ്റ്റ് ചെയ്തതല്ലെന്നും സെറീന പറഞ്ഞു.