വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അഗ്യൂറോ

ബാഴ്‌സലോണ: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ.

കഴിഞ്ഞ മാസം ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാലാണ് താരം കളിക്കളം വിടാനൊരുങ്ങുന്നതെന്ന് കാറ്റലൂണിയ റേഡിയോ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് താരം ട്വിറ്ററിലൂടെ രംഗത്തെത്തി. ‘ഞാന്‍ എപ്പോഴും പോസിറ്റീവാണ്. എന്റെ കാര്യത്തില്‍ ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ക്ലബ്ബ് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പിന്തുടരുകയാണ്. 90 ദിവസത്തിനുള്ളില്‍ എനിക്ക് എങ്ങനെയുണ്ടെന്ന് നോക്കാം’ – അഗ്യൂറോ ട്വീറ്റ് ചെയ്തു. നിലവില്‍ മൂന്ന് മാസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.

Top