മാഡ്രിഡ് : ലാ ലിഗയില്‍ അപൂര്‍വ നേട്ടവുമായി റിയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ്. ലാ ലിഗ ചരിത്രത്തില്‍ തുടര്‍ച്ചയായി 15 സീസസണുകളില്‍ ഗോള്‍ നേടുന്ന പ്രതിരോധതാരമെന്ന നേട്ടമാണ് റാമോസ് സ്വന്തമാക്കിയത്. ലാ ലിഗയില്‍ ഇതുവരെ 432 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റാമോസ് ഇതുവരെ 56 ഗോളുകളും നേടിയിട്ടുണ്ട്. 2016/17 സീസണില്‍ നേടിയ ഏഴ് ഗോളാണ് ഒരു സീസണില്‍ റാമോസിന്റെ ടോപ് സ്‌കോര്‍.
2004ല്‍ സെവിയ്യക്ക് വേണ്ടി റയല്‍ സോസിഡാഡിനെതിരേയാണ് റാമോസ് ആദ്യ ഗോള്‍ നേടുന്നത്. അരങ്ങേറം കുറിച്ച 2003-04 സീസണില്‍ മാത്രമാണ് ഗോള്‍ നേടാതിരിക്കാന്‍ സാധിച്ചത്.
അടുത്ത വര്‍ഷം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറി. പിന്നീടങ്ങോട്ട് എല്ലാ സീസണിലും റാമോസിന്റെ ഒരു ഗോളെങ്കിലുമുണ്ടായിരുന്നു. 2005ല്‍ മലാഗക്കെതിരെയാണ് റയല്‍ മാഡ്രിഡിന് വേണ്ടി ലാ ലീഗയില്‍ റാമോസ് ആദ്യ ഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ജിറോണയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ബോര്‍ജാ ഗാര്‍സിയയിലൂടെ പതിനാറാം മിനിറ്റില്‍ ജിറോണ ആദ്യ ഗോള്‍ നേടിയെങ്കിലും പിന്നീടുള്ള അവസരങ്ങള്‍ മുഴുവന്‍ റയല്‍ പക്ഷത്തായിരുന്നു. മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജ്യോ റാമോസിലൂടെ റയല്‍ തിരിച്ചടിച്ചു. അമ്പത്തിരണ്ടാം മിനിറ്റിലും എണ്‍പതാം മിനിറ്റിലും കരീം ബെന്‍സേമ ജിറോണ ഗോള്‍ വല കുലുക്കി. അമ്പത്തി രണ്ടാം മിനിറ്റില്‍ ഗാരത് ബെയിലും റയലിനായി ഗോള്‍ നേടി. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.