ന്യൂയോര്‍ക്ക്: ഉത്തേജകമരുന്ന് പരിശോധനയില്‍ കടുത്ത വിവേചനം നേരിടുന്നതായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്.
ഒരു മാസത്തിനിടെ നിരവധി തവണ ഉത്തേജകമരുന്ന് പരിശോധനയ്ക്കു വിധേയയാകേണ്ടിവന്നതോടെയാണ് സെറീന തുറന്നടിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു സെറീനയുടെ പ്രതികരണം.
മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തവണ താന്‍ പരിശോധനയ്ക്കു വിധേയയായതായും സെറീന പറഞ്ഞു.
അമേരിക്കന്‍ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (യുഎസ്എഡിഎ) ഈ വര്‍ഷം സെറീനയെ അഞ്ച് തവണയാണ് പരിശോധിച്ചത്. ഒരു തവണ നിശ്ചയിച്ച സമയത്തിനും വൈകിയാണ് പരിശോധക സംഘം സെറീനയുടെ വീട്ടിലെത്തിയതെന്നും, ആ സമയം താരം വീട്ടിലുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ മൂന്നു തവണ പരിശോധന നടക്കാതെവന്നാല്‍ അതും ഡോപിംഗ് വൈലേഷനായി പരിഗണക്കപ്പെടും.
അമേരിക്കന്‍ പുരുഷ- വനിതാ ടെന്നീസ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്തേജക പരിശോധന നടന്നിരിക്കുന്നത് സെറീനയ്ക്കാണ്.