സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടുത്തം

മുംബൈ: പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഒന്നാം ടെര്‍മിനല്‍ ഗേറ്റില്‍ തീപിടുത്തം. പൂനെയിലെ മഞ്ജരിയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായിട്ടുള്ളത്. എട്ട് ഫയര്‍ എന്‍ജിനുകളാണ് തീയണക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുള്ളത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിട്ടുള്ളതെന്നും ഇവിടെ കൊവിഡ് വാക്‌സിന്റെ ഉത്പാദനം നടക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാക്‌സിന്‍ നിര്‍മാണ പ്ലാന്റിന് സമീപത്ത് തന്നെയാണ് തീപിടുത്തമുണ്ടായിട്ടുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നാണ് വിവരം.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഷീല്‍ഡ്. 1966 ല്‍ സൈറസ് പൂനവല്ലയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്.

Top