പൂനെ: കേരളത്തില്‍ വിതരണത്തിന് തയ്യാറെടുക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ കമ്പനികളില്‍ ഒന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൂനെയുടെ വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ കഥയുണ്ട്. ഡോ. സൈറസ് പൂനെവാലയും (79) മകന്‍ അദാര്‍ പുനെവാലയും (39) ചേര്‍ന്നു നാട്ടിലും വിദേശത്തുമായി നടത്തുന്ന കുടുംബ വ്യവസായമാണ് ഈ സ്ഥാപനം. ഇവിടെ നിന്നാണ് കോവിഡ് വാക്‌സിന്റെ 4.4 ലക്ഷത്തോളം ഡോസുകള്‍ കേരളത്തിലേയ്ക്ക് എത്തുന്നത്. നാലായിരത്തോളം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരും ഗവേഷകരുമാണ് ഈ മഹത്തായ കണ്ടു പിടുത്തത്തിന് പിന്നില്‍ രാപകലില്ലാതെ അധ്വാനിച്ചത്.
പന്തയക്കുതിരകളെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കുതിരപ്പന്തിയായിരുന്നു പുനെവാലമാരുടെ കുടുംബ സംരംഭം. ഇതിനു പുറമേ, ടെറ്റനസിനുള്ള പ്രതിരോധ മരുന്നു നിര്‍മാണത്തിന് കുതിരയുടെ സ്രവം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സ്വന്തം നിലയില്‍ സ്രവം എടുത്തു കുപ്പികളിലാക്കി നല്‍കുന്ന സംവിധാനം തുടങ്ങി. അന്ന് സൈറസ് സഹോദരനുമായി ചേര്‍ന്ന് 5 ലക്ഷം രൂപ കടമെടുത്തു തുടങ്ങിയ കമ്പനി ഇന്ന് അറുപതിനായിരം കോടി രൂപയുടെ വ്യവസായ സാമ്രാജ്യമാണ്. 1974 ല്‍ ഡിടിപി വാക്‌സീനും പാമ്പുവിഷത്തിനെതിരായ മരുന്നും ഉള്‍പ്പെടെ ഉല്‍പാദിപ്പിച്ച് തുടങ്ങിയ സിറം തൊണ്ണൂറുകളില്‍ത്തന്നെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി. തുടര്‍ന്നു ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ പരിപാടികളില്‍ പങ്കാളിയായി.
മുന്നൂറോളം പന്തയക്കുതിരകളുമായി രാജ്യത്തെ ഏറ്റവും വലിയ ഈ കുതിരലായം ഇന്നും സിറം ക്യാംപസില്‍ ഉണ്ട്. ‘ഒരു കപ്പ് ചായയുടെ വിലയില്‍ കൂടരുത് വാക്‌സീനുകള്‍ക്ക്. പാവങ്ങള്‍ക്കു താങ്ങാവുന്നതാവണം മരുന്ന്. ലോകത്തെ മൂന്നു കോടി കുട്ടികളുടെയെങ്കിലും ജീവന്‍ രക്ഷിക്കാനായി’ എന്നാണ് മനുഷ്യസ്‌നേഹിയായ പുനെവാലയുടെ നയം. ലോകമെങ്ങുമുള്ള പാഴ്‌സികള്‍ക്കു മാത്രം നല്‍കാനായി 60,000 ഡോസ് കോവിഷീല്‍ഡ് മാറ്റിവച്ചിരിക്കുകയാണ് ശരദ് പവാറിന്റെ സഹപാഠി കൂടിയായ പുനെവാല. മൈനസ് 20 ഡിഗ്രി തണുപ്പുള്ള സിറം ഗോഡൗണില്‍ കോടിക്കണക്കിനു ഡോസ് വാക്‌സീനാണു സൂക്ഷിച്ചിരിക്കുന്നത്. ‘ലോകത്ത് എവിടെ പകര്‍ച്ചവ്യാധി വന്നാലും ആദ്യ അന്വേഷണം എത്തുന്നത് സിറത്തിലേക്കാണ്. 10 ദിവസത്തിനുള്ളില്‍ മരുന്ന് എവിടെയും എത്തിക്കാന്‍ സിറത്തിനു കഴിയും.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസിന്റെ പ്രതിവര്‍ഷ ഉല്‍പാദനശേഷി ഏകദേശം 150 കോടി ഡോസാണ്. 100 കോടി കൂടി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 170 രാജ്യങ്ങളിലാണ് സിറം ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ എത്തുന്നത്. ലോകത്തെ 70 ശതമാനം കുട്ടികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സിറം വാക്‌സീന്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ക്യാംപസാണ് സീറം ഗവേഷണ കേന്ദ്രം. രൂപമാറ്റം വരുത്തിയ എയര്‍ബസ് എ 320 വിമാനമാണ് ജൂനിയര്‍ പുനെവാലയുടെ പുതിയ ഓഫീസ്.
കോവിഡ് തുടങ്ങിയ സമയത്തു തന്നെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്‌സ്ഫഡ് വാക്‌സിന്‍ ഗ്രൂപ്പ് എന്നീ ഗവേഷണ വിഭാഗങ്ങളിലെ പ്രഫസര്‍ സാറാ ഗില്‍ബര്‍ട്ട്, അഡ്രിയന്‍ ഹില്‍ എന്നിവരുടെ നേതൃത്വത്തില്‍ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിന് ഓക്‌സ്ഫഡ് സര്‍വകലാശാല തുടക്കമിട്ടിരുന്നു. ആംഗ്ലോസ്വീഡീഷ് മരുന്നു കമ്പനിയായ അസ്ട്ര സെനക്ക ആണ് ഈ സംരഭത്തില്‍ ഓക്‌സ്ഫഡിന്റെ കൂട്ടാളി. മലേറിയയ്ക്ക് എതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്നുമായി ബന്ധപ്പെട്ട് സിറവും ഓക്‌സ്ഫഡും തമ്മില്‍ നേരത്തേ ബന്ധപ്പെട്ടിരുന്നു. സിറം അങ്ങനെയാണ് കോവിഷീല്‍ഡ് ഉല്‍പാദനത്തില്‍ പങ്കാളിയാകുന്നത്.
സിംഹവാലന്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളിലാണ് ഓക്‌സ്ഫഡ് മരുന്ന് ആദ്യം പരീക്ഷിച്ചത്. തുടര്‍ന്ന് യുകെയിലെ 1077 ആളുകളിലേക്ക് പരീക്ഷണം പുരോഗമിച്ചു. 3000 കോടി രൂപയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനായി മാറ്റിവച്ചത്. വാക്‌സീന്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നെങ്കില്‍ 1500 കോടി രൂപയെങ്കിലും പാഴാകുമായിരുന്നു. വിവിധ ഗവേഷകരുമായി ചേര്‍ന്ന് അഞ്ചോളം വാക്‌സിനുകള്‍ ഉല്‍പാദിക്കുന്നതിനുള്ള ശ്രമത്തിലാണ് സിറം ഇപ്പോള്‍. വൈറസ് അധിഷ്ഠിതം, പ്രോട്ടീന്‍ അധിഷ്ഠിതം, വൈറല്‍ വെക്ടര്‍ അധിഷ്ഠിതം, ന്യൂക്ലിക് ആസിഡ് അധിഷ്ഠിതം തുടങ്ങി വാക്‌സീനുകള്‍ പലതരത്തിലുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം ഭാരത് ബയോടെക്, സൈഡസ് കാഡില്ല, ഡോ. റെഡ്ഡീസ് ലാബ്, ബയോളജിക്കല്‍ ഇ, ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ്, അരബിന്ദോ ഫാര്‍മ, ജെന്നോവാ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ്, റിലയന്‍സ് ലൈഫ് സയന്‍സസ്, ഹെസ്റ്റര്‍ ബയോസന്‍സസ്, മിന്‍വാക്‌സ് തുടങ്ങിയ ഇന്ത്യന്‍ ഫാര്‍മസി കമ്പനികളും ഗവേഷണത്തില്‍ സജീവമാണ്. ഇതില്‍ സൈഡസും ഭാരത് ബയോടെക്കും ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍ എന്ന ലക്ഷ്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്.
അഞ്ചാംപനിക്കും ടെറ്റനസിനും പോളിയോയ്ക്കും ഉള്‍പ്പെടെ പ്രതിവര്‍ഷം 130 കോടി വൈല്‍ ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപിത ഉല്‍പാദന ശേഷി. പുണെ ഹദാപ്‌സറിലെ ഉല്‍പാദന കേന്ദ്രത്തില്‍ വൈറസ് നിറഞ്ഞ സ്രവങ്ങളും മറ്റു കൈകാര്യം ചെയ്യുന്നതു യന്ത്രമനുഷ്യനാണ്. മനുഷ്യസ്പര്‍ശം അകറ്റി അണുബാധ ചെറുക്കാനാണിത്. അതിവേഗ കുഴലിലൂടെ ഒഴുകിയെത്തുന്ന വാക്‌സിന്‍ മിനിറ്റില്‍ 500 വീതം വൈലുകളിലേക്കു നിറച്ച് പുറത്തേക്കിറങ്ങുന്നു. പാക്കേജിങ്ങിലേക്കു നീന്തിയെത്തുന്ന കുപ്പികളില്‍ പൊടിയുടെ ഒരു കണം പോലും ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ക്യാമറകളും പ്രവര്‍ത്തിയ്ക്കുന്നു.
ചിക്കന്‍പോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ 34 വര്‍ഷമെടുത്തു. ഗര്‍ഭാശയ (സെര്‍വിക്കല്‍) കാന്‍സറിനു 15 വര്‍ഷവും മുണ്ടിനീര് (മംപ്‌സ്,) അഞ്ചാംപനി, പോളിയോ എന്നിവയ്ക്ക് യഥാക്രമം നാലും ഒന്‍പതും ഏഴും വര്‍ഷവുമെടുത്താണ് വാക്‌സിനുണ്ടാക്കിയത്. പരീക്ഷണശാലയില്‍നിന്നു ജനങ്ങളിലെത്താന്‍ കോവിഡ് വാക്‌സിന്‍ എടുത്തതു കേവലം 9 മാസം മാത്രമാണ്. പുതിയ വാക്‌സിന്‍ വികസിപ്പിക്കാന്‍ ശരാശരി 10 വര്‍ഷം വേണമെന്ന സങ്കല്‍പം തന്നെ ഇവിടെ തിരുത്തിയെഴുതി. കാര്യമായ സര്‍ക്കാര്‍ ധനസഹായമില്ലാതെ ഇന്ത്യയിലെ വിവിധ സ്വകാര്യ ഫാര്‍മ കമ്പനികള്‍ ഈ നേട്ടം കൊയ്തതു ചെറിയ കാര്യമല്ലെന്നു വിദഗ്ധര്‍ പറയുന്നു.
ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ലോകത്തിന്റെ വാക്‌സീന്‍ ഫാക്ടറിയായി (25 ശതമാനം) ഇന്ത്യ മാറുമെന്നാണ് ലോകാരോഗ്യ സംഘടനയും യുനിസെഫും വാക്‌സിന്‍ അലയന്‍സ് പോലെയുള്ള സംഘനടകളും പ്രതീക്ഷിക്കുന്നത്. കോവിഡിന് എതിരെ 12 വാക്‌സിനുകളാണ് ലോകവിപണിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ 3 എണ്ണം ഇന്ത്യയുടേതാണ്. ആഗോള തലത്തിലേക്കു ഗവേഷണ മികവ് ബോധ്യപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കിട്ടിയ അവസരമാണ് കൊവിഡ്.
കറാച്ചിയിലെ കുട്ടികള്‍ക്കിടയില്‍ വ്യാപകമായ സന്നിപാതജ്വരത്തിനുള്ള വാക്‌സിന്‍ ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തുടക്കമിട്ട ഗവി എന്ന ഗ്ലോബല്‍ വാക്‌സിന്‍ അലയന്‍സിലൂടെ നല്‍കുന്നത് ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ്. ഈ വാക്‌സിന്‍ ലോകത്ത് ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ്. ബംഗ്ലദേശിനും മറ്റ് അയല്‍രാജ്യങ്ങള്‍ക്കും ആവശ്യമായ കോവിഡ് വാക്‌സിനും നല്‍കുന്നതോടെ മേഖലയിലെ കൂടുതല്‍ കരുത്തരായി ഇന്ത്യ മാറും.
ഈ വര്‍ഷം തന്നെ 400 കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ മൂക്കില്‍ ഒഴിക്കാവുന്ന വാക്‌സിന്‍ ജൂണില്‍ പുറത്തിറക്കാമെന്നാണ് ഭാരത് ബയോടെക്കിന്റെ അവകാശവാദം. മീസില്‍സിന് (അഞ്ചാംപനി) എതിരെ ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നില്‍ മാറ്റം വരുത്തി വാക്‌സിനാക്കാനുള്ള ഒരുക്കത്തിലാണ് സൈഡെസ് കാഡില്ല എന്ന കമ്പനി.
9 മാസത്തെ ഗവേഷണം, ലോകോത്തര സാങ്കേതിക വിദ്യ, ഉല്‍പാദകഗവേഷക പങ്കാളിത്തം, മുതല്‍ മുടക്ക്, മന്ത്രാലയ പിന്തുണ, ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെയും ബയോടെക്‌നോളജി വിഭാഗത്തിന്റെയും ഐസിഎംആറിന്റെയും അനുമതി എന്നിവയെല്ലാം ഇന്ത്യയിലെ സ്വകാര്യ മരുന്നുല്‍പാദകരെ സഹായിച്ചിട്ടുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് പല അസംസ്‌കൃത വസ്തുക്കളും സംഘടിപ്പിച്ചത്. പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി ചുമതലയേറ്റ പ്രിയ ഏബ്രഹാമും സംഘവും 11 തരത്തിലുള്ള കോവിഡ് ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്തിയതും ഗവേഷണത്തെ ഏറെ സഹായിച്ചു.
ലോകത്തെ പ്രധാന ബഹുരാഷ്ട്ര മരുന്നു കമ്പനികളൊന്നും മൂന്നാം ലോകത്തെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിക്ക് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കാറില്ല. കോവിഡിനെയും തുടക്കത്തില്‍ അവര്‍ ഗൗരവമായി എടുത്തിരുന്നില്ല. കാരണം അതു വലിയ ലാഭമില്ലാത്ത മേഖലയായതു കൊണ്ടാണ്. ശൈത്യരാജ്യങ്ങള്‍ക്കു വേണ്ടി ഇന്‍ഫ്‌ലുവന്‍സാ വാക്‌സീനുകള്‍ ഉല്‍പാദിപ്പിക്കുമെങ്കിലും പാവങ്ങള്‍ക്കു വേണ്ടി ലോകാരോഗ്യ സംഘടനയും മറ്റും തയാറാക്കുന്ന സൗജന്യ രോഗപ്രതിരോധ വാക്‌സിന്‍ പദ്ധതികളില്‍ നിന്ന് ഇത്തരം ബഹുരാഷ്ട്ര കമ്പനികള്‍ വിട്ടുനില്‍ക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടുന്ന ഇന്ത്യ ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആശ്രയമാണ്.
വിവിധ വാക്‌സീനുകള്‍: ഇന്ത്യയുടെ ഉല്‍പാദന ശേഷി
1. ബിസിജി (ബാസിലസ് കാമറ്റെ ഗുറിന്‍) 1836 ലക്ഷം ഡോസ്
2. ഡിപിടി (ഡിപ്തീരിയ പെറ്റസിസ് ടെറ്റനസ്) 634 ലക്ഷം ഡോസ്
3. ടിടി (ടെറ്റനസ് ടോക്‌സോയിഡ്) 3787 ലക്ഷം ഡോസ്
4. ഒപിവി (ഓറല്‍ പോളിയോ വാക്‌സീന്‍) 7778 ലക്ഷം ഡോസ്
5. മീസില്‍സ് 1550 ലക്ഷം ഡോസ്
6. ടിഡി (ടെറ്റനസ് ഡിപ്തീരിയ) 1200 ലക്ഷം ഡോസ്
7. ഹെപ്പറ്റൈറ്റിസ് ബി 860 ലക്ഷം ഡോസ്
8. എംഎംആര്‍ (മീസില്‍സ് മംപ്‌സ് ആന്‍ഡ് റുബെല്ലാ) 513 ലക്ഷം ഡോസ്
9. പെന്റാവാലന്റ് 2565 ലക്ഷം ഡോസ്