കൊവിഡ് വാക്‌സീന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ 80000 കോടി രൂപയുടെ ചിലവ്‌

കൊവിഡ് വാക്‌സീന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ 80,000 കോടി രൂപ വേണ്ടിവരുമെന്ന് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല. വാക്‌സീന്‍ വാങ്ങാനും കേടുകൂടാതെ ജനങ്ങളിലെത്തിക്കാനും വന്‍ ചെലവു വരുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. ഓക്‌സ്ഫഡ് വാക്‌സീന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. വാക്‌സീന്‍ 1000 രൂപയില്‍ താഴെ ലഭ്യമാക്കുമെന്നായിരുന്നു നേരത്തേ പുനെവാല പറഞ്ഞിരുന്നത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ കുറച്ചു വാക്‌സീന്‍ ഇന്ത്യയിലടക്കം 235 രൂപയ്ക്കു ലഭ്യമാക്കാനും ധാരണയായിരുന്നു.

ഓക്സഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡിന്റെ രാജ്യത്തെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ മാസത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തെക്കുറിച്ച് എന്‍ഡിടിവിയോട് പ്രതികരിച്ച പൂനാവാല ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Top