ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ മേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് സുപ്രീംകോടതി.
സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് അറുതി വരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
നോട്ടുകള്‍ അസാധുവാക്കിയ ശേഷം ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പതിനാല് ജില്ലാ സഹകരണബാങ്കുകള്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് വാദം കേട്ടത്.
സഹകരണ മേഖലയിലെ പ്രശ്‌നം അടിക്കടി രൂക്ഷമാവുന്നതായാണ് മനസിലാക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തേ മതിയാവൂ. ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. അതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണം.
നോട്ടു നിരോധനം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ അതില്‍ ഇടപെടുന്നില്ല. എന്നാല്‍, ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടേ തീരുവെന്നനും കോടതി പറഞ്ഞു.
സഹകരണ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നും ഇനി എന്തെല്ലാം ചെയ്യുമെന്നത് സംബന്ധിച്ച വിശദാശങ്ങളും തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുന്‌പോള്‍ വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അസാധു നോട്ടുകള്‍ മാറാനുള്ള സൗകര്യം സഹകരണ ബാങ്കുകള്‍ക്കും നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തേയും അഭിഭാഷകന്‍ തള്ളി.
എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഏര്‍പ്പെടുത്താത്തതും നിയന്ത്രണത്തിന് കാരണമായിട്ടുണ്ട്.
മാത്രമല്ല സഹകരണ സ്ഥാപനങ്ങളില്‍ കെ.വൈ.എസി നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് കേരളം അത് അംഗീകരിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.