തിരുവനന്തപുരം: പ്രാഥമികസഹകരണസംഘങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് ജില്ലാ സഹകരണബാങ്ക് വഴി ആഴ്ചയില്‍ ഇരുപത്തിനാലായിരം രൂപവരെ പിന്‍വലിക്കാം.
പ്രാഥമിക സഹകരണസംഘങ്ങളില്‍ കെവൈസി (ഇടപാടുകാരനെ അറിയുക) നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.
ജില്ലാ സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറന്നാലുടന്‍ ഈ സൗകര്യം ലഭ്യമാകും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സഹകാരികളുടെ ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഡിസംബര്‍ 10 മുതല്‍ ഒരുമാസം സഹകരണബാങ്കുകള്‍ സംസ്ഥാനവ്യാപകമായി നിക്ഷേപസമാഹരണ പരിപാടി നടത്തും. ഡിസംബര്‍ പതിനെട്ടിന് സഹകാരികള്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്താനും തീരുമാനിച്ചതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കാന്‍ 2013 മുതല്‍തന്നെ കെ.വൈ.സി മാനദണ്ഡങ്ങള്‍ ബാധകമാക്കിയെങ്കിലും പൂര്‍ണമായി പാലിച്ചിരുന്നില്ല. സഹകരണസംഘങ്ങളില്‍ അതാത് പ്രദേശത്തുള്ളവരാണ് പണം നിക്ഷേപിക്കുന്നത്.
ബാങ്ക് ഭരണസമിതിയംഗത്തിന്റെ ശുപാര്‍ശയോടെയാണ് ആളുകളെ സഹകരണ സംഘങ്ങളില്‍ അംഗമാക്കുന്നത്. അതിനാല്‍ രേഖാമൂലമുള്ള തിരിച്ചറിയല്‍ ബാങ്കുകള്‍ കര്‍ശനമാക്കിയിട്ടില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.