ഒമാനില്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്‍ക്കുന്നു

മസ്‍കത്ത്: ഒമാനില്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്‍ക്കുന്നു. ചില സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായി എടുത്തുകളയുകയും മറ്റ് ചില ഫീസുകള്‍ സംയോജിപ്പിക്കുകയും ചെയ്‍തിട്ടുണ്ടെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2023ന്റെ ആദ്യ പാദത്തില്‍ പുതുക്കിയ ഫീസ് ഘടന രാജ്യത്ത് പ്രാബല്യത്തില്‍ വരും.

ഒമാനില്‍ നടപ്പാക്കുന്ന ‘ഗവണ്‍മെന്റ് സര്‍വീസസ് പ്രൈസിങ് ഗൈഡിന്റെ’ രണ്ടാം ഘട്ടമാണ് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍, വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി വിഭാഗം, സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിലാണ് ഇളവുകള്‍ വരുന്നത്.

സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിലെ 16 സര്‍ഫീസ് ഫീസുകള്‍ കുറയ്ക്കുകയോ റദ്ദാക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും. വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ 127 ഫീസുകളിലും ഇതോടൊപ്പം മാറ്റം വരും. ബൗദ്ധിക സ്വത്തവകാശ സേവനങ്ങളുടെയും, കമ്പനികളുടെയും വ്യക്തികളുടെയും പേറ്റന്റ് രജിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ളവയുടെയും ഫീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുനിസിപ്പാലിറ്റി മേഖലയിലെ 109 ഫീസുകളാണ് കുറച്ചത്. നിലവിലുള്ള കടലാസ് ഫോമുകള്‍ നിര്‍ത്തലാക്കി അവയ്ക്ക് പകരം ഡിജിറ്റല്‍ ഫോമുകള്‍ കൊണ്ടുവരും. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ കുറച്ചുകൊണ്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Top