എന്റെ സര്‍വ്വീസ് ജീവിതം; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാന്‍ ടി.പി.സെന്‍കുമാറിന്റെ പുസ്തകം…

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും ഭരണസിരാകേന്ദ്രങ്ങളെയും പിടിച്ച് കുലുക്കാനായി റിട്ടേഡ് ഐപിഎസ് ഓഫീസര്‍ സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി പുറത്തിറങ്ങുന്നു. മലയാളത്തിലെ പ്രമുഖ പബ്ലിഷേഴ്‌സായ ഡി.സി.ബുക്‌സാണ് സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി പുറത്തെത്തിക്കുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങളായ ഐ.എസ്.ആര്‍.ഒ, സ്ത്രീ പീഡനങ്ങള്‍,മത തീവ്രവാദം,അഴിമതി കേസുകള്‍, കവര്‍ച്ചാ കേസുകള്‍ തുടങ്ങി അധികാര ഇടനാഴികളിലെ അരമന രഹസ്യങ്ങള്‍ പുറത്ത് വരുമെന്ന സൂചന നല്‍കിക്കൊണ്ടുളള പുസ്തകത്തിന്റെ കവര്‍ ഫോട്ടോ സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

1983 മുതല്‍ കേരളക്കര ചര്‍ച്ച ചെയ്ത നിരവധി നേര്‍ച്ചിത്രം ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയ സമയത്ത് ഡിജിപി തസ്തികയില്‍ ഇരുന്ന സെന്‍കുമാറിനെ മാറ്റി ലോക് നാഥ് ബഹറയെ നിയമിച്ചത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തി നഷ്ടമായ സ്ഥാനം തിരിച്ചു പിടിച്ച് ടി.പി.സെന്‍കുമാര്‍ പുതുചരിത്രം കുറിക്കുകയായിരുന്നു.

നിയമ പോരാട്ടം നടത്തുന്ന സമയത്ത് തന്നെ വിരമിച്ചയുടനെ സര്‍വ്വീസ് സ്റ്റോറി എഴുതുമെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു. ശബരിമല വിഷയത്തിലടക്കം സംഘപരിവാര്‍ രാഷ്ട്രീയത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ടി.പി.സെന്‍കുമാറിപ്പോള്‍. തിരഞ്ഞെടുപ്പിന്റെ വക്കില്‍ എത്തിയ സമയത്താണ് തന്റെ സര്‍വ്വീസ് സ്റ്റോറിയുടെ കവര്‍ ചിത്രം സമൂഹ മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ടിരിക്കുന്നത് എന്നത് ഏറെ ചര്‍ച്ചകള്‍ക്കിടവെച്ചിട്ടുണ്ട്.

Top