സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങി പ്രഭാസ് ചിത്രം ആദിപുരുഷിന്റെ പ്രദര്‍ശനം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ബോക്സ്ഓഫിസ് കലക്‌ഷനില്‍ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനും തിയറ്ററില്‍ ആളെക്കൂട്ടാനുമായി അടുത്ത രണ്ടു ദിവസത്തേക്കായി ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് നിര്‍മാതാക്കളും രംഗത്തെത്തി. ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് 150 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്.
ജൂണ്‍ 22, 23 തിയതികളിലാണ് 150 രൂപ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാന്‍ സാധിക്കുക. എന്നിരുന്നാലും ത്രീ– ഡിയില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ചതായി അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍ പുറത്തിറക്കിക്കഴിഞ്ഞു.
Experience the epic tale in 3D on the big screen at the most affordable price! Tickets starting at Rs150/-* ✨
Offer not valid in Andhra Pradesh, Telangana, Kerala and Tamil Nadu
3D Glass Charges as applicable.
Book your tickets on:https://t.co/0gHImE23yj#Adipurush now in… pic.twitter.com/UU5PiNcEbt
— T-Series (@TSeries) June 21, 2023
റിലീസിന്റെ ആദ്യ ദിവസങ്ങളില്‍ ബോക്സ്ഓഫിസില്‍ കുതിച്ച ‘ആദിപുരുഷിന്’ പിന്നാലെ കാലിടറുകയായിരുന്നു. സിനിമയുടെ വിഎഫ്എക്സ്കളുടെ പേരിലും തിരക്കഥയുടെ പേരിലുമെല്ലാം സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. പിന്നാലെ പ്രദര്‍ശനം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കലക്‌ഷനില്‍ കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇടിവാണ് ചിത്രം രേഖപ്പെടുത്തിയത്.
റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ലോകമെമ്പാടും 375 കോടിയിലധികമാണ് ചിത്രം നേടിയതെന്നാണ് ജൂൺ 20 ന് നിർമാതാക്കൾ പുറത്തുവിട്ട ഔദ്യോഗിക കലക്‌ഷൻ റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ജൂൺ 20 ചൊവ്വാഴ്ച കലക്‌ഷന്‍ കുത്തനെ കുറയുകയും ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ 16 കോടിയായി കുറയുകയും ചെയ്തു. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയായി. ആറാം ദിവസം ലഭിച്ച ഓൾ ഇന്ത്യ കലക്‌ഷൻ വെറും ഏഴുകോടിയും. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര ബോക്‌സ്ഓഫിസിലെ ആറു ദിവസത്തെ കലക്‌ഷന്‍ 254 കോടി രൂപയാണ്.