സൂയസ് കനാലിൽ ബ്ലോക്ക് ഉണ്ടാക്കിയ കപ്പലിലെ ക്രൂ മുഴുവൻ ഇന്ത്യക്കാർ

സൂയസ് കനാലിൽ വൻ ഗതാഗതക്കുരുക്കുണ്ടാക്കിയ എവര്‍ ഗിവൺ കപ്പലിലെ ക്യാപ്റ്റൻ അടക്കം ക്രൂ മുഴുവനും ഇന്ത്യക്കാര്‍. രാജ്യാന്തര ചരക്കുഗതാഗതത്തെ വലിയ തോതിൽ ബാധിക്കുന്ന ഗതാഗതക്കുരുക്ക് നാല് ദിവസം പിന്നിടുന്നതിനിടയിലാണ് കപ്പലിലെ ജീവനക്കാര്‍ എല്ലാവരും ഇന്ത്യക്കാരാണെന്ന റിപ്പോര്‍ട്ട് കപ്പലിൻ്റെ നിയന്ത്രണമുള്ള ബേൺഹാഡ് ഷൂൾട്ട് കമ്പനി പുറത്തു വിടുന്നത്. കപ്പലിലെ 25 ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കി.

തീരത്തോടു ചേര്‍ന്ന് മണലിൽ കുടുങ്ങിക്കിടക്കുന്ന കപ്പൽ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളിൽ കപ്പലിലെ ക്രൂ സഹകരിക്കുന്നുണ്ടെന്നും ഇവര്‍ നിലവിൽ കപ്പലിനുള്ളിൽ തന്നെയാണുള്ളതെന്നും അവര്‍ വ്യക്തമാക്കി. കപ്പലിലെ ജോലിക്കാരുടെ കഠിനാധ്വാനത്തെയും ജോലിയോടുള്ള കൂറിനെയും ബഹുമാനിക്കുന്നതായും കമ്പനി വ്യക്തമാക്കി.

ലോകത്തു തന്നെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നാണ് സൂയസ് കനാൽ. 400 മീറ്ററിലധികം നീളമുള്ള കപ്പൽ കനാലിൽ വിലങ്ങനെ കുടുങ്ങിയതോടെ ഇരുഭാഗത്തുമായി നിരവധി യാനങ്ങളാണ് യാത്ര തടസ്സപ്പെട്ടു നിൽക്കുന്നത്. 150ഓളം കപ്പലുകള്‍ മെഡിറ്ററേനിയൻ കടലിൽ ഉള്‍പ്പെടെ പച്ചക്കൊടി കാത്തു കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിൽ ആഗോളവ്യാപാര രംഗത്ത് ഓരോ മണിക്കൂറിലും 40 കോടി ഡോളറിൻ്റെ നഷ്ടമാണ് വരുന്നതെന്നാണ് സിഎൻബിസി റിപ്പോര്‍ട്ട്. കപ്പലിനു സമീപം തീരത്ത് അടിഞ്ഞിരിക്കുന്ന മണൽ നീക്കി യാത്രാസൗകര്യം പുനഃസ്ഥാപിക്കാൻ ആഴ്ചകള്‍ വേണ്ടി വന്നേക്കുമെന്ന് ബിസിനസ് ഇൻസൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

Top