ഇരിട്ടിയില്‍ കാട്‌വെട്ടി തെളിക്കുന്നതിനിടയില്‍ കിട്ടിയ പൊതിയില്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള ഏഴ് ബോംബുകള്‍

കണ്ണൂര്‍: ഇരിട്ടി വള്ളിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ഏഴ് ബോംബുകള്‍ കണ്ടെടുത്തു.

ഇവയില്‍ ആറെണ്ണം സ്റ്റീല്‍ ബോംബും, മറ്റൊന്ന് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ നിര്‍മ്മിച്ചതുമാണ്.

ബോംബുകള്‍ അടുത്തിടെ നിര്‍മ്മിച്ചവയാണെന്നും ഉഗ്രപ്രഹരശേഷിയുള്ളവയാണെന്നും പൊലീസ് പറഞ്ഞു.

പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക് ബക്കറ്റിനകത്ത് ഒരു പൊതിക്കെട്ട് കിടക്കുന്നതായി തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്. സംശയം തോന്നിയ ഉടന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഒഴിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റിനകത്ത് പൊതിഞ്ഞു വെച്ച നിലയിലായിരുന്നു ബോംബുകള്‍.

ഇരിട്ടി എസ്.ഐ സഞ്ജയകുമാറിന്റെയും എ.എസ്.ഐ കെ.കെ രാജേഷിനെയും നേതൃത്വത്തില്‍ പൊലീസും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ഇവ നിര്‍വീര്യമാക്കി.

പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടുത്തുള്ള ക്വാറിയില്‍ എത്തിച്ചാണ് നിര്‍വീര്യമാക്കിയത് .

Top