ഹരിയാനയില്‍ പനി ബാധിച്ച് ഏഴു കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചണ്ഡിഗഡ്: ഹരിയാനയില്‍ പനി ബാധിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് സംഭവം. പനി ലക്ഷണങ്ങളുമായി 44 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ മരണകാരണം ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.

പ്ലേറ്റ് ലെറ്റ് കുറവാണ് പ്രധാനമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന്. ‘പനി ബാധിച്ചു കുഞ്ഞുങ്ങള്‍ മരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. വീടുകളില്‍ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്’ പല്‍വാല്‍ ജില്ല സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ വിജയ് കുമാര്‍ പറയുന്നു.

ഡെങ്കി ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരില്‍ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്. കുട്ടികള്‍ക്കു മലിനജലം വിതരണം ചെയ്യുന്നതു മൂലമാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നാണു നാട്ടുകാരുടെ സംശയം.

Top