അമിതാഭ് ബച്ചന്റെ പഴയ റോള്‍ റോയ്സ് ഉള്‍പ്പെടെ ഏഴ് ആഢംബര കാറുകള്‍ പിടിച്ചെടുത്ത് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കൃത്യമായ രേഖകളില്ലാതെ നിരത്തിലിറങ്ങിയ ആഢംബര കാറുകള്‍ പിടിച്ചെടുത്ത് കര്‍ണാടക സര്‍ക്കാര്‍. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ പേരിലുള്ള വാഹനം മുതല്‍ ഏഴ് ആഡംബര കാറുകളാണ് ഞായറാഴ്ച കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പിടിച്ചെടുത്തത്.

ബിഗ് ബിയുടെ പേരിലുള്ള റോള്‍സ് റോയ്സ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ബെംഗളൂരു നഗരത്തില്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇതുവരെ അധികാരികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഉമ്ര ഡെവലപേഴ്സിന്റെ ഉടമയായ ബാബുവാണ് ആറ് കോടി രൂപയ്ക്ക് ഈ വാഹനം അമിതാഭ് ബച്ചനില്‍ നിന്ന് വാങ്ങിയത്.

വാഹനം പിടിച്ചെടുക്കുമ്പോള്‍ ബാബുവിന്റെ മകന്‍ സല്‍മാന്‍ ഖാനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഏകലവ്യ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ 2007ല്‍ സംവിധായകന്‍ വിധു വിനോദ് ചോപ്ര അമിതാഭ് ബച്ചന് സമ്മാനിച്ചതാണ് റോള്‍ റോയ്സ് കാര്‍. 2019ല്‍ ഇത് ബാബുവിന് വിറ്റുവെങ്കിലും, ഇപ്പോഴും വാഹനം താരത്തിന്റെ പേരില്‍ തന്നെയാണ്.

കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ നിന്ന് ബാബുവിലേക്ക് മാറ്റിയതില്‍ വ്യക്തമായ രേഖകളില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റൊരു സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷനിലുള്ള വാഹനം 11 മാസങ്ങളായി നഗരത്തില്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നുവെന്നും ഇതിന് കൃത്യമായ ഇന്‍ഷുറന്‍സോ മറ്റ് രേഖകളോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

പിടിച്ചെടുത്ത ഏഴ് ആഢംബര വാഹനങ്ങളില്‍ അഞ്ചെണ്ണം പുതുച്ചേരിയില്‍ നിന്നുള്ളതും മറ്റ് രണ്ട് വാഹനങ്ങള്‍ മഹാരാഷ്ട്ര രജിസ്ട്രേഷനിലും ഉള്ളതാണ്. നികുതി അടയ്ക്കാത്തതും, ഇന്‍ഷുറന്‍സ് ഇല്ലാത്തതും, കൃത്യമായ രേഖകള്‍ ഇല്ലാത്തതുമായ വാഹനങ്ങളാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കസ്റ്റഡിയിലെടുത്തത്.

 

 

 

Top