മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 10 പേര്‍ മരിച്ചു. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ എണ്‍പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്.
ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനായിരുന്നു സംഭവം നടന്നത്. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.
പ്രസാദത്തില്‍ വിഷ പദാര്‍ത്ഥം കലര്‍ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു. ആരെങ്കിലും പ്രസാദത്തില്‍ വിഷം കലര്‍ത്തിയതാണോ എന്നും സംശയമുണ്ട്.