ന്യൂസീലന്‍ഡിനെതിരായ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പുതുമുഖങ്ങള്‍. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കന്‍ ടി-20 ലീഗിന്റെ അവസാന സമയങ്ങളിലാണ് പര്യടനം ആരംഭിക്കുക. അതുകൊണ്ട് ടെസ്റ്റ് ടീമില്‍ നിന്ന് മുന്‍നിര താരങ്ങള്‍ക്കെളെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു.
ഫെബ്രുവരി നാലിനാണ് ദക്ഷിണാഫ്രിക്കയുടെ ന്യൂസീലന്‍ഡ് പര്യടനം ആരംഭിക്കുക. 17ന് പര്യടനം അവസാനിക്കും. ജനുവരി 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക ടി-20 ലീഗ് ഫെബ്രുവരി 10ന് അവസാനിക്കും. ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകള്‍ തന്നെയാണ് ദക്ഷിണാഫ്രിക്ക ടി-20 ലീഗ് ടീമുകളുടെയും ഉടമകള്‍. സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റിനു കീഴിലുള്ള സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ് ആണ് നിലവിലെ ചാമ്പ്യന്മാര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സിന്റെ പാള്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സിന്റെ എംഐ കേപ്പ്ടൗണ്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രിട്ടോറിയ ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍.
കന്നി ടെസ്റ്റില്‍ ക്യാപ്റ്റനാവാനുള്ള ഭാഗ്യം 27കാരനായ നീല്‍ ബ്രാന്‍ഡിനാണ് ലഭിച്ചത്. ഓള്‍റൗണ്ടറായ ബ്രാന്‍ഡ് അടുത്തിടെ വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക എ ടീമിനെ നയിച്ചിരുന്നു. നിലവില്‍ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള വെറും മൂന്ന് താരങ്ങളേ ഈ ടീമില്‍ ഇടം പിടിച്ചിട്ടുള്ളൂ.