പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഏഴു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ നടപടി. സുരക്ഷ ചുമതലയുള്ള ഏഴു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭ സെക്രട്ടറിയേറ്റിന്റേതാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

അതേസമയം പിടിയിലായ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകള്‍ എന്നിവയാണ് ഡല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സാഗര്‍ ശര്‍മ, അമോല്‍ ധന്‍രാജ് ഷിന്‍ഡെ, നീലം, മനോരഞ്ജന്‍ ഡി, ലളിത് ഝാ എന്നിവരാണ് പിടിയിലായത്. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗര്‍ ശര്‍മ്മ എന്നയാളുമാണ് ലോക്‌സഭയില്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചത്.

ആറു പേരാണ് ആക്രമത്തിന് പിന്നില്‍ ഇതില്‍ ഒരാള്‍ ഒളിവിലാണ്. ലളിത് ഝാ എന്ന ആളാണ് പുക സ്‌പ്രേ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ സഭയ്ക്കുള്ളില്‍ കയറാനായി മൈസൂരുവിലെ ബിജെപി എംപിയായ പ്രതാപ് സിംഹയുടെ പാസാണ് ഉപയോഗിച്ചത്. കേസില്‍ പ്രതികളായ ലളിത് ഝാ ബിഹാര്‍ സ്വദേശിയാണ്. പ്രതികള്‍ താമസിച്ച ഗുരു ഗ്രാമിലെ വീട് വിക്കി ശര്‍മ എന്നയാളുടേതാണ്.

Top