ന്യൂഡല്‍ഹി : കൈപ്പത്തിയില്‍ ടീച്ചറുടെ പേരെഴുതിവച്ച് ഏഴാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. ഇന്ദ്രപുരിയിലാണ് സംഭവം നടന്നത്. തനിക്ക് ഇനി സ്‌കൂളില്‍ പോകേണ്ടെന്നും കൈപ്പത്തിയില്‍ എഴുതിയിരുന്നതായി മുതിര്‍ന്ന പൊലീസ് വ്യക്തമാക്കി. വീട്ടില്‍നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
‘ശ്രീകൃഷ്ണാ ഞാന്‍ അങ്ങയുടെ അടുത്തേക്ക് വരുകയാണ്. അമ്മ ഐ ലവ് യു’ എന്നായിരുന്നു ആത്മഹത്യക്കുറിപ്പിന്‍ ഉണ്ടായിരുന്നത്. അമ്മയോടും മുത്തശ്ശിയോടും ക്ഷമ ചോദിക്കുന്നുവെന്നും ശ്രീകൃഷ്ണനെ കാണാന്‍ പോകുകയാണെന്നും കുറിപ്പില്‍ പറയുന്നു. വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവം നടന്ന ദിവസം പെണ്‍കുട്ടിയുടെ അമ്മയാണ് മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ടിസ് ഹസാരി കോടതിയിലെ അഭിഭാഷകയാണ് പെണ്‍കുട്ടിയുടെ അമ്മ.
സ്‌കൂളിലെ അധ്യാപകരെക്കുറിച്ച് മകള്‍ എന്നും പരാതി പറയാറുണ്ടായിരുന്നു. ആരോപണവിധേയയായ ടീച്ചര്‍ മകളെ എന്നും അസഭ്യം പറയുകയും ശാസിക്കുകയും അപമാനിക്കുകയും ചെയ്യുമായിരുന്നു. ബയോളജി ലാബില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച പത്ത് മിനിറ്റോളം അപമാനിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. അന്ന് മകള്‍ സ്‌കൂളിലെ ബാത്ത്‌റൂമില്‍ ഇരുന്ന് കരഞ്ഞിരുന്നെന്നും അമ്മ പറയുന്നു.
നിരന്തരമുള്ള പരാതിയെത്തുടര്‍ന്ന് മകളെ സ്‌കൂള്‍ മാറ്റി ചേര്‍ത്തിരുന്നു. എന്നാല്‍ കാര്യങ്ങളുടെ ഗൗരവും തനിക്കറിയില്ലായിരുന്നു. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് സങ്കല്‍പ്പിച്ചിട്ട് പോലുമില്ലെന്നും അമ്മ വ്യക്തമാക്കി.
അതേസമയം പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ പറയാന്‍ കഴിയുള്ളുവെന്ന് പൊലീസ് പറഞ്ഞു.