ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന് കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നു. നാലിടങ്ങളില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഉത്തര്‍പ്രദേശിലടക്കം പഴയ പ്രതാപം തുടരാന്‍ കഴിയുമോയെന്ന് സംശയമുണ്ട്. പഞ്ചാബില്‍ കാറ്റ് മാറി വീശിയാല്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകും.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ തട്ടകമായ അസംഗഢുമാണ് ഈ ഘട്ടത്തില്‍ യുപിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 54 സീറ്റുകളില്‍ ഇരുപത്തിയൊന്‍പതും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. അന്ന് എന്‍ഡിഎ ഘടകകക്ഷികളായ അപ്‌നാദള്‍ (എസ്), ഓംപ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ് എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ ഏഴെണ്ണം 2017ല്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി ഇവിടെ പതിനൊന്നും ബിഎസ്പി ആറും നിഷാദ് പാര്‍ട്ടി ഒരു സീറ്റിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ എസ്ബിഎസ്പി എസ്പിയുമായും, നിഷാദ് പാര്‍ട്ടി ബിജെപിയുമായും ആണ് സഖ്യം.
സംസ്ഥാനത്ത് എസ്പി ആധികാരത്തില്‍ എത്തിയ 2012ല്‍ മേഖലയില്‍ ഭൂരിഭാഗം സീറ്റുകളും നേടിയത് എസ്പിയായിരുന്നു. അന്ന് എസ്പി 34 സീറ്റുകളില്‍ വിജയിച്ചപ്പോള്‍, ബിഎസ്പി ഏഴിടത്തും, ബിജെപി നാലിടത്തും, കോണ്‍ഗ്രസ് മൂന്നിടത്തും ക്വാമി ഏകതാ ദള്‍ രണ്ടിടത്തും അപ്‌നാദള്‍ ഒരിടത്തും സ്വതന്ത്രര്‍ മൂന്നിടത്തുമായിരുന്നു അന്ന് വിജയിച്ചത്.
613 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 75 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. 2.06 കോടി വോട്ടമാരാണ് ജനവിധിയെഴുതുക. രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിംഗ്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബിജെപി ജയിക്കുന്ന വരാണസി സൗത്തും വരാണസി നോര്‍ത്തും വരാണസി കന്റോണ്‍മെന്റും ഇത്തവണ അഭിമാന പോരാട്ടമായാണ് പാര്‍ട്ടി കാണുന്നത്.