യുഎസ് മാധ്യമസ്ഥാപനത്തില്‍ വെടിവയ്പ്പ് ; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, കനത്ത ജാഗ്രത !

gun-shooting

വാഷിങ്ടന്‍: അമേരിക്കയിലെ മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവയ്പ് ഉണ്ടായത്.

അനവധി പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. മരിച്ചവര്‍ ആരൊക്കെയാണെന്നതില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. ഓഫീസ് പൂര്‍ണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടുണ്ട്. മാത്രമല്ല, യുഎസിലെ മറ്റ് മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.

ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതില്‍ നിറയൊഴിച്ചു തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്.

അതേസമയം, ആക്രമണം നടത്തിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

attack

ആക്രമണം നടന്ന പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിര്‍ദേശമുണ്ട്. കെട്ടിടത്തില്‍ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്‌ഫോടക വസ്തു ആണിതെന്ന സംശയത്തില്‍ ബോംബ് സ്‌ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.

ആക്രമണത്തിനു പിന്നിലെ ലക്ഷ്യം എന്തന്നും, മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നതുമൊക്കെ പ്രതിയോട് വിശദമായി ചോദിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി.

‘ദ് ബാള്‍ട്ടിമോര്‍ സണ്‍’ മീഡിയ ഗ്രൂപ്പിന്റെ കീഴിലാണു ക്യാപിറ്റല്‍ ഗസറ്റിന്റെ പ്രവര്‍ത്തനം.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സംഭവം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

Top