ന്യൂഡല്‍ഹി:ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതിരോധത്തിലായ കോണ്‍ഗ്രസില്‍ പുതിയ നേതൃനിരയുണ്ടാക്കാന്‍ നിരവധി പേര്‍ സ്ഥാനമാനങ്ങള്‍ സ്വയം രാജിവെക്കുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നാക്കം പോകാതെ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ കൂട്ടരാജി.
വിവേക് തന്‍ഖ നിയമ മനുഷ്യാവകാശ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചത് വ്യാഴാഴ്ചയാണ്. രാജി പ്രഖ്യാപനത്തോടൊപ്പം കൂടുതല്‍ പേര്‍ രാജിക്ക് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പുതിയ നേതൃനിര സൃഷ്ടിക്കാന്‍ രാഹൂല്‍ ഗാന്ധിക്ക് ഇത് സ്വാതന്ത്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് രാജിവെച്ചവരും ഇതേ നിലപാട് ആവര്‍ത്തിച്ചു. തന്‍ഖയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടിയുടെ ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് ഘടകങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രാജിക്ക് തയ്യാറായത്.ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോതിയ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു അദ്ദേഹം.
മേഘാലയയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറി നെട്ട പി സങ്മ,സെക്രട്ടറി വീരേന്ദര്‍ രാത്തോഡ്, ഛത്തിസ്ഗഢ് ജനറല്‍ സെക്രട്ടറി അനില്‍ ചൗധരി, മഹിളാ കോണ്‍ഗ്രസിന്റെ ഹരിയാന ഘടകം പ്രസിഡന്റ് സുമിത്ര ചൗഹാന്‍, മധ്യപ്രദേശ് സെക്രട്ടറി സുധീര്‍ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീര്‍ യാദവ് എന്നിവരാണ് രാജിവെച്ച പ്രമുഖര്‍.
ഉത്തര്‍പ്രദേശിലെ ജില്ലാ കോണ്‍ഗ്രസ് ഘടകങ്ങള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ അച്ചടക്ക സമിതിയെ നിയോഗിക്കുകയും ചെയ്തു.
ഇതിനിടെ ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു. കൂടുതല്‍ നേതാക്കള്‍ ഇതിനുപിന്നാലെ രാജിവയ്ക്കുമെന്നാണ് സൂചനകള്‍.