കനത്തമഴ; സംസ്ഥാനത്ത് സംഭരണശേഷി കുറഞ്ഞ നിരവധി അണക്കെട്ടുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകള്‍ നിറയുന്നു. സംഭരണശേഷി കുറഞ്ഞ നിരവധി അണക്കെട്ടുകള്‍ തുറന്നു. ഇടുക്കി അടക്കം വലിയ അണക്കെട്ടുകളില്‍ സുരക്ഷിത നിലയിലാണ് ജലനിരപ്പ്. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 84 ശതമാനം വെള്ളമുണ്ട്. 3490.57 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമാണിത്. നീരൊഴുക്ക് ശക്തമായി തുടരുന്നു.

ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 85 ശതമാനം നിറഞ്ഞു. ശബരിഗിരി പദ്ധതിയിലെ പമ്പകക്കി അടക്കം അണക്കെട്ടുകളില്‍ 84 ശതമാനം വെള്ളമുണ്ട്. ഷോളയാര്‍ 98, ഇടമലയാര്‍ 84, കുണ്ടള 91, മാട്ടുപ്പെട്ടി 91, കുറ്റിയാടി 40, താരിയോട് 82, ആനയിറങ്കല്‍ 74, പൊന്മുടി 77, നേര്യമംഗലം 97, പെരിങ്ങല്‍ 89, ലോവര്‍പെരിയാര്‍ 100 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലനിരപ്പ്.

ജലവിഭവ വകുപ്പിന്റെ മംഗലം, വഴാനി, പിച്ചി, മീങ്കര, ചുള്ളിയാര്‍, നെയ്യാര്‍, പോത്തുണ്ടി, ചിമ്മണി ഡാമുകള്‍ തുറന്നു. മറ്റ് നിരവധി അണക്കെട്ടുകളിലും ജലനിരപ്പ് കുറക്കാന്‍ ക്രമീകരണമായി. പെരിങ്ങല്‍കുത്ത്, കല്ലാര്‍കുട്ടി അടക്കമുള്ളവ തുറന്നു. ജലനിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു. ഇടുക്കിയില്‍ 10.27 ദശലക്ഷം യൂണിറ്റും ശബരിഗിരിയില്‍ 5.41 ദശലക്ഷം യൂണിറ്റുമാണ് തിങ്കളാഴ്ച ഉല്‍പാദനം. കുറ്റിയാടി, നേര്യമംഗലം, പെരിങ്ങല്‍കുത്ത്, ലോവര്‍പെരിയാര്‍ അടക്കമുള്ളവയില്‍ പരമാവധി ഉല്‍പാദനം നടക്കുന്നുണ്ട്.

Top