തിരുവനന്തപുരം : സംസ്ഥാന ഭരണത്തില്‍ സി.പി.എം നേതൃത്വത്തില്‍ അതൃപ്തി പുകയുന്നു.
പാര്‍ട്ടി ഭരണത്തില്‍ ഏതാനും ചില ഉദ്യോഗസ്ഥരുടെ താല്‍പ്പര്യപ്രകാരം കാര്യങ്ങള്‍ നടക്കുന്നതാണ് സി.പി.എം നേതൃത്വത്തെയും സിപിഐ അടക്കമുള്ള ഘടകകക്ഷികളെയും ചൊടിപ്പിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഉപദേശക നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും സി.പി.എം-സിപിഐ നേതൃത്വങ്ങള്‍ അസ്വസ്ഥരാണ്. മോദിയുടെ സാമ്പത്തിക നയങ്ങളെ പിന്‍തുണയ്ക്കുകയും ഇടത് നിലപാടുകളെ എതിര്‍ക്കുകയും ചെയ്യുന്ന ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതിനെതിരെ വി.എസ് അച്ചുതാനന്ദനാവട്ടെ നേരിട്ട് പി.ബിക്ക് പരാതിയും നല്‍കി കഴിഞ്ഞു.
പാര്‍ട്ടിയുടെ അറിവോടെയാണ് നിയമനമെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു ആലോചനയും ചര്‍ച്ചയും പാര്‍ട്ടിക്കകത്ത് നടന്നിട്ടില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.
ഗീത ഗോപിനാഥിന്റെ നിയമനത്തെ പിന്‍തുണച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയും രംഗത്ത് വന്നതും സി.പി.എം. നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. ശക്തമായ രോഷമാണ് ഇക്കാര്യത്തില്‍ അണികളില്‍ നിന്നും നേതൃത്വം നേരിടുന്നത്.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയായ സിപിഎമ്മിന്റെ മുഖ്യമന്ത്രിക്ക് മുതലാളിത്വ താല്‍പ്പര്യം സംരക്ഷിക്കുന്ന ഉപദേശകയെ എന്തിനാണെന്നാണ് പാര്‍ട്ടി അണികളുടെയും കീഴ്ഘടകങ്ങളുടെയും ചോദ്യം.
പാര്‍ട്ടി കമ്മിറ്റികളില്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിക്കൊണ്ട് വരാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. എം.കെ.ദാമോദരന്‍ വിവാദം അവസാനിച്ചെങ്കിലും പാര്‍ട്ടിയില്‍ ഇത് സംബന്ധമായ അതൃപ്തി തുടരുകയാണ്.
അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിക്ക് മറ്റൊരു ഉപദേശകനെ വെച്ചത് തന്നെ തെറ്റാണെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.
ദാമോദരന്‍ സാന്റിയാനോ മാര്‍ട്ടിന്റെയും ഐ.എന്‍.ടി.യു.സി പ്രസിഡന്റിന്റെയും വക്കാലത്ത് എടുത്തത് സംബന്ധമായ വിവാദം പാര്‍ട്ടിക്ക് പൊതുസമൂഹത്തിനിടയില്‍ അതൃപ്തിക്ക് കാരണമായതായാണ് വിലയിരുത്തല്‍. ബി.ജെ.പി പ്രസിഡന്റിന്റെ ഹര്‍ജി വേണ്ടിവന്നു ഈ തീരുമാനം തിരുത്താന്‍ എന്നതും പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അധികാരത്തില്‍ വന്നതിന് ശേഷം നടന്ന പ്രധാനപ്പെട്ട എല്ലാ നിയമനങ്ങളിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ അമിത ഇടപെടലിലും ഇതിന് അവസരമൊരുക്കിയ മുഖ്യമന്ത്രിയുടെ നടപടിയിലും നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ടെങ്കിലും ആരും പരസ്യമായി പ്രതികരിക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും ദ്രോഹിച്ച പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് തന്ത്രപ്രധാനമായ ചുമതല നല്‍കിയ നടപടിയാണ് പ്രതിഷേധത്തിന് കാരണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് പ്രധാന തസ്തികയിലിരുന്നവര്‍ തന്നെ ഈ ഭരണത്തിലും തുടരുന്നത് യു.ഡി.എഫിനാണ് കാര്യങ്ങള്‍ എളുപ്പമാക്കുകയെന്നാണ് വിലയിരുത്തല്‍.
ചെന്നിത്തലയുടെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത് തെറ്റായി പോയെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്.
വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചത് നല്ല തീരുമാനമാണെങ്കിലും യു.ഡി.എഫ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഷേക്ക് ദര്‍വേഷ് സാഹിബിനെ വിജിലന്‍സില്‍ എ.ഡി.ജി.പിയായി തുടരാന്‍ അനുവദിച്ചത് വിജിലന്‍സ് അന്വേഷണങ്ങളെ പോലും ബാധിക്കുമെന്ന അഭിപ്രായവും മുന്നണിക്കകത്ത് ശക്തമാണ്.
പോലീസില്‍ വിജിലന്‍സ് – ക്രൈംബ്രാഞ്ച് വിഭാഗങ്ങളില്‍ ഇതുവരെയായിട്ടും ഒരു മാറ്റവും നടത്താതിരിക്കുന്നതും ക്രമസമാധാന ചുമതലയില്‍ പുനര്‍വിന്യാസം പൂര്‍ത്തിയാകാത്തതുമെല്ലാം ഭരണത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി ജില്ലാ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും നല്‍കുന്ന ലിസ്റ്റില്‍പ്പെട്ടവര്‍ സ്‌കൂട്ടിണിയില്‍ പുറത്താകുകയും പകരം ചില ഉന്നത ഉദ്യോഗസ്ഥരുടെ നോമിനികള്‍ കയറി കൂടുന്നതും സി.പി.എം നേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍ ഇടത് ഭരണത്തിന്റെ ഈ പോക്കില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ മാത്രമല്ല വിവിധ സര്‍വ്വീസ് സംഘടനാ നേതൃത്വത്തിലും കടുത്ത നിരാശയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നതിനാല്‍ കോടിയേരി അടക്കം മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും കാര്യമായി ഇടപെടല്‍ നടത്താനോ തിരുത്തല്‍ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാനോ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന ഇടപെടലുകളിലും വകുപ്പ് സെക്രട്ടറിമാര്‍ അടക്കമുള്ളവരുടെ നിയമനങ്ങളിലും ഘടകക്ഷികള്‍ക്കിടയില്‍ മാത്രമല്ല സി.പി.എം മന്ത്രിമാര്‍ക്കിടയില്‍ പോലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരില്‍ പലരും തങ്ങളുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറിയെ നേരിട്ട് കണ്ട് അറിയിച്ച് കഴിഞ്ഞതായാണ് സൂചന.