തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്പെട്ടു. എല്ലാ ജില്ലകളിലും ഇന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
ഈ മാസം 17 വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണക്കാട്, അമ്പലത്തറ തുടങ്ങിയ ഇടങ്ങളില്‍ റോഡില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു . വീടുകളിലേക്കും വെള്ളം കയറി. റോഡുകള്‍ വെള്ളക്കെട്ടായതോടെ വാഹനങ്ങള്‍ വഴിതിരിച്ചേിടേണ്ടി വന്നു.
ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . മഴക്കൊപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത മഴക്കൊപ്പം കടലാക്രമണവും രൂക്ഷമാണ്. കേരള തീരത്ത് 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകും. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.