സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; നിയന്ത്രണം വേണ്ടി വന്നേക്കും, സര്‍ചാര്‍ജും പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും. ഓണം കഴിഞ്ഞും നല്ല മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

നിലവില്‍ പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ചാര്‍ജും പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.

നിലവില്‍ നിരക്ക് വര്‍ദ്ധനയ്‌ക്കെതിരെ എച്ച് ടി ഉപഭോക്താക്കളുള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. സ്റ്റേ നീങ്ങിയാല്‍ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷന്‍ നിരക്കുയര്‍ത്തി ഉത്തരവിറക്കും. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെഎസ്ഇബിയാണ് ഇപ്പോള്‍ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.

Top