ഡല്‍ഹി: വെള്ളക്കെട്ട് രൂക്ഷമായ ഡല്‍ഹിയിലെ സിംഗു, ബദര്‍പൂര്‍, ലോണി, ചില്ല അതിര്‍ത്തികളില്‍ നിന്നുള്ള ഹെവി ഗുഡ്സ് വാഹനങ്ങളുടെ പ്രവേശനം സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചു. അതേസമയം, അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. ഹരിയാന, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ സിംഗു അതിര്‍ത്തി വരെ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണം, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ജനങ്ങളുടെ വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 16,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.