കോഴിക്കോട്: പ്രണയിച്ച പെണ്‍കുട്ടിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയതിന് ശേഷം പെണ്‍കുട്ടി തള്ളിപ്പറഞ്ഞുവെന്ന പരാതിയുമായി പെരുവണ്ണാമൂഴി സ്വദേശി. വിവാഹ വാഗ്ദാനം നല്‍കിയ പെണ്‍കുട്ടി പിന്മാറിയെന്ന് ആരോപിച്ച് അര്‍ച്ചന രാജ് എന്ന ദീപു ദര്‍ശനാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വിവാഹിതയായിരുന്ന അര്‍ച്ചന ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു യുവതിയുമായി അടുപ്പത്തിലായത്. ബന്ധം വേര്‍പ്പെടുത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ഒരുമിച്ച് ജീവിക്കാന്‍ പെണ്‍കുട്ടിയുടെ പിന്തുണയോടു കൂടി അര്‍ച്ചന തീരുമാനിച്ചു. ചെന്നെയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയും ചെയ്തു. പെ്ണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം ദീപു എന്ന പേരും സ്വീകരിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.
ഒരുമിച്ച് ജീവിക്കാമെന്ന നിലപാടില്‍ നിന്ന് പെണ്‍കുട്ടി പിന്മാറി. വാട്‌സ് ആപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡും അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടി തന്നെ ചതിച്ചെന്നുമാണ് ദീപു പറയുന്നത്. ഇനി അര്‍ച്ചനയിലേക്ക് ഒരു മടക്കമില്ലെന്നും ദീപുവായി തന്നെ ജീവിക്കുമെന്നും പക്ഷെ തനിക്ക് സംഭവിച്ച ചതി ലോകം അറിയണമെന്നും ദീപു വ്യക്തമാക്കി.
ആണായി ജീവിക്കാന്‍ സൂഹൃത്ത് പ്രേരിപ്പിച്ചെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വഞ്ചിച്ചു എന്നുമാണ് ദീപുവിന്റെ പരാതി. ഒക്ടോബര്‍ 24 ന് ചെന്നെയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.