നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ ലൈംഗികാതിക്രമത്തിനും പുറകിലെ ഒരു വലിയ ഘടകം അവരുടെ പഠനകാലത്ത് നിലവിലുണ്ടായിരുന്ന തെറ്റായ പഠനരീതിയാണ്. പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും വേര്‍തിരിച്ചുകൊണ്ടാണ് ബാലവാടിയില്‍പ്പോലും അന്ന് ക്ലാസുകള്‍ തുടങ്ങിയിരുന്നത്. പരസ്പരം ഒന്നു മിണ്ടായാല്‍പ്പോലും അതിനെ അപഹാസ്യമായ കണ്ണുകളോടെ നോക്കുന്ന ടീച്ചര്‍മാരുടെയും സമൂഹസംവിധാനങ്ങളുടെയും കാലം.
ഇവിടെനിന്നും തുടങ്ങുന്നു ആണധികാരങ്ങളുടെ പാഠം. പെണ്‍കുട്ടികളെ അന്നും (ഏതാണ്ട് ഇന്നും) രണ്ടാംതരം പൗരരായിട്ടാണ് കണക്കാക്കിയിരുന്നത്. അവര്‍ക്കു കൊടുക്കുന്ന ജോലികള്‍, നിയന്ത്രണങ്ങള്‍ എല്ലാം അതിനെ അവരുടെ മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കുന്ന തരത്തിലായിരുന്നു. ആണ്‍കുട്ടികളെ വളര്‍ത്തിയിരുന്നത് ഇതിന്റെ നേരെ വിപരീതരീതിയിലും. അധികാരം മുഴുവന്‍ ആണിനുള്ളതാണ് എന്ന നിലപാട് പല രീതികളിലൂടെ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു. ഇന്ന് ചെറിയ മാറ്റം ഇക്കാര്യത്തില്‍വന്നിട്ടുണ്ട് എന്നുമാത്രം.
നമുക്ക് വേണ്ടത് വിദ്യാഭ്യാസരീതിയില്‍ സമഗ്രമായ പൊളിച്ചെഴുത്താണ്. ലിംഗപരമായ മനുഷ്യരെ വേര്‍തിരിക്കുന്ന ഏതൊന്നിനെയും വിദ്യാഭ്യാസഇടങ്ങളില്‍നിന്നും അകറ്റിനിര്‍ത്തണം. കുറച്ചുനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. പരിഷ്‌കാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുമല്ലോ.
1. കേരളത്തിലെ എല്ലാ സ്‌കൂളുകളും ബഹുലിംഗവിദ്യാലയങ്ങള്‍ ആക്കിമാറ്റുക. ഏകലിംഗവിദ്യാലയങ്ങള്‍ ഇനി കേരളത്തിലുണ്ടാവരുത്.
2. ബാലവാടിക്കാലം മുതല്‍ക്കേ പെണ്ണെന്നോ ആണെന്നോ മറ്റേതെങ്കിലും ലിംഗമെന്നോ വ്യത്യാസമില്ലാതെ കുട്ടികളെ ഇടകലര്‍ത്തിയിരുത്തുക.
3. സ്‌കൂളിലെ എല്ലാ ജോലികളിലും ലിംഗസമത്വം നടപ്പിലാക്കുക. അടിച്ചുവാരല്‍ പെണ്‍കുട്ടികള്‍ക്കും മരത്തില്‍കയറല്‍ ആണ്‍കുട്ടികള്‍ക്കും ആക്കരുത് എന്നു ചുരുക്കം.
4. പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രൂപ്പുതിരിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിലും എല്ലാ ലിംഗത്തിലും പെട്ടവര്‍ ഇടകലര്‍ന്നിട്ടുണ്ടാവണം എന്നത് ഉറപ്പാക്കുക.
5. നേതൃത്വം ലിംഗവിവേചനമില്ലാതെ നടപ്പിലാക്കുക.
6. ചെറുക്ലാസുകള്‍ മുതല്‍ക്കേ ശരിയായ ലൈംഗികവിദ്യാഭ്യാസം നടപ്പിലാക്കുക.
7. പെണ്ണ്, ആണ് എന്ന് വേര്‍തിരിച്ചുള്ള ടീച്ചര്‍മാരുടെ അഭിപ്രായപ്രകടനങ്ങള്‍ കര്‍ശനമായി വിലക്കുക.
8. സ്‌കൂളിന്റെ പൊതുതീരുമാനങ്ങളില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും മറ്റുലിംഗക്കാരെയും ഒരേ പോലെ പങ്കാളികളാക്കുക.
9. കലാകായിക മത്സരങ്ങളില്‍ ലിംഗവിവേചനമില്ലാത്ത ടീമുകള്‍ ഉണ്ടാക്കുക.
10. രക്ഷിതാക്കള്‍ക്ക് എല്ലാ മാസവും ലൈംഗികവിദ്യാഭ്യാസം നല്‍കുക.
11. നിലവിലുള്ള ടീച്ചര്‍മാര്‍ക്ക് എല്ലാ മാസവും ലൈംഗികവിദ്യാഭ്യാസവും കുട്ടികളെ വിവേചനമില്ലാതെ പഠിപ്പിക്കാനുള്ള പരിശീലനവും നല്‍കുക.
12. ടീച്ചര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൈംഗികവിദ്യാഭ്യാസത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നിര്‍ബന്ധമാക്കുക.
13. ലിംഗസമത്വം നടപ്പിലാകുന്നുണ്ടോ എന്നറിയാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെയും ബാലാവകാശവകുപ്പിന്റെ പ്രതിനിധികളുടെയും ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മറ്റി രൂപീകരിക്കുക.
14. മനുഷ്യരാവാനുള്ള വിദ്യാഭ്യാസം – അതാണുവേണ്ടതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് എല്ലാ ആഴ്ചയിലും പൊതുജനങ്ങള്‍ക്കായി ബോധവത്കരണക്ലാസുകള്‍ നടത്തുക.
15. ലൈംഗികാതിക്രമങ്ങള്‍ കുട്ടികള്‍ക്കു നേരെ നടക്കുന്നുണ്ടോ എന്നറിയാന്‍ കൃത്യമായ കൗണ്‍സിലിങ് സംവിധാനങ്ങള്‍ നടപ്പിലാക്കുക.
16. പാഠപുസ്തകങ്ങളില്‍നിന്നും ലിംഗവിവേചനപരമായ എല്ലാ പാഠങ്ങളും ഒഴിവാക്കുക.
17. പാഠപുസ്തകനിര്‍മ്മാണത്തില്‍ ഇതിനായി ഒരു മോണിട്ടറിങ് കമ്മിറ്റി ഉണ്ടാക്കുക.
18. മാനവികബോധം – എല്ലാ മനുഷ്യരും തുല്യരാണെന്ന ബോധം ഉളവാക്കാന്‍ ഉതകുന്ന പാഠങ്ങളും പഠനപ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കുക.
19. ജാതീയമായ വിവേചനങ്ങള്‍ ഒഴിവാക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
20. എല്ലാ വര്‍ഷവും ധാരാളം സഹവാസക്യാമ്പുകള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുക.
21. കുട്ടികള്‍ക്കു നേരെയുള്ള സദാചാരപോലീസിങ് ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കാനുള്ള നിയമനിര്‍മ്മാണം നടത്തുക.
ഇതല്ലാതെ ഇനിയും അനേകം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരികയും അവ നടപ്പിലാക്കുകയും വേണം.
കുട്ടികളെ മനുഷ്യരാക്കാനുള്ള ഉദ്യമത്തിനായി നമുക്ക് ഒരുമിച്ചുനില്‍ക്കാം.
(കടപ്പാട്: ഫേസ്ബുക്ക്)