പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഫാ. ജെയിംസ് എര്‍ത്തയില്‍

ജലന്തര്‍ : ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പണവും ഭൂമിയും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഫാ. ജെയിംസ് എര്‍ത്തയില്‍ സമ്മതിച്ചു.. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോതമംഗലം സ്വദേശിയുടെ ആവശ്യപ്രകാരമാണ് കന്യാസ്ത്രീയെയും ബന്ധുക്കളെയും സമീപിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദികന്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ഒതുക്കിതീര്‍ക്കുന്നതിനായാണ് സിഎംഐ വൈദികനായ ജയിംസ് എര്‍ത്തയില്‍ ഇടപ്പെട്ടത്. കേസില്‍ നിന്ന് പിന്‍മാറിയാല്‍ പണവും ഭൂമിയും നല്‍കാമെന്ന് കന്യാസ്ത്രീയെ അറിയിച്ചിരുന്നതായി എര്‍ത്തയില്‍ പൊലീസിനോട് സമ്മതിച്ചു. ഷോബി ജോര്‍ജ് നല്‍കിയ ഉറപ്പിന്‍മേലായിരുന്നു ഇടപെടല്‍.

കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ എര്‍ത്തയിലിനെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ സാധിച്ചത്. ഷോബിയെ ചോദ്യം ചെയ്ത ശേഷം എര്‍ത്തയിലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം വധിക്കാന്‍ ഗൂഢാലോചന നടന്നതായുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടരുകയാണ്.

Top