കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ചു.
വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് സംഘത്തോടൊപ്പം കന്യാസ്ത്രീ മഠത്തില്‍ എത്തിയിരുന്നു.
മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിക്കുമോ എന്നാണ് ഫൊറന്‍സിക് സംഘം പരിശോധിക്കുന്നത്. കേസില്‍ കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.