കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക ആരോപണ കേസില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇനിയും വൈകും. കന്യാസ്ത്രീയുടെ വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളാണ് കന്യാസ്ത്രീയുടെ കൈയിലുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫോണിലേക്ക് ബിഷപ്പ് നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും അശ്ലീലചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയിരുന്നെന്നും കന്യാസ്ത്രീ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുള്ളതിനാല്‍ ആരോപണം ബിഷപ്പിന് നിഷേധിക്കാന്‍ സാധിക്കില്ല.
കന്യാസ്ത്രീയുടെ മൊബൈലില്‍ ബിഷപ്പിന്റെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ കന്യാസ്ത്രീയുടെ കുടുംബവീട്ടിലുണ്ടെന്നാണ് സൂചന. ഫോണ്‍ പൊലീസിന് കൈമാറണമെന്ന് കന്യാസ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കന്യാസത്രീയുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. ബിഷപ്പിനെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകുമെന്നും ഒരു കാരണവശാലും കേസില്‍ നിന്ന് പിന്‍മാറില്ലെന്നും കന്യാസത്രീയുടെ ബന്ധുക്കള്‍ അറയിച്ചു.
അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കൂടി രംഗത്തെത്തിയിരുന്നു. ബിഷപ്പ് മകളെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യാസ്ത്രീയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്. മദര്‍ സുപ്പീരിയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്നും പരാതിയില്‍ പറയുന്നുണ്ട്. മാത്രമല്ല, ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ പരാതി എഴുതി വാങ്ങിയതായും പിതാവ് ആരോപിപ്പിച്ചിരുന്നു.