തിരുവന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്നെ നിരന്തരം പീഢിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എംഎല്‍എ ഹോസ്റ്റലില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. കൂടുതല്‍ ചോദ്യം ചെയ്യാനായി എംഎല്‍എയെ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകും.
കേസില്‍ ബാഹ്യ ഇടപെടലുകള്‍ ഒന്നും നടക്കില്ലെന്നും നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്ന നിര്‍ദ്ദേശം.
ഇതു സംബന്ധിച്ച വാര്‍ത്ത Express kerala വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശാസ്ത്രീയ തെളിവുകള്‍ എംഎല്‍എക്കെതിരെയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നായിരുന്നു വീട്ടമ്മയുടെ മൊഴി.
ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് ഇരുവരും തമ്മില്‍ കഴിഞ്ഞ മാസം തൊള്ളായിരത്തോളം തവണ വിളിച്ചുവെന്നും കണ്ടെത്തിയിരുന്നു
എംഎല്‍എ എം വിന്‍സന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് വീട്ടമ്മയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നത്.
വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്ത എംഎല്‍എ കടയില്‍ വെച്ചും പീഡിപ്പിച്ചതായി മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെ യുവതി മൊഴി നല്‍കിയിരുന്നു.
നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.
സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്രയയക്കാന്‍ പോയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനുമെതിരെയുണ്ടായേക്കാവുന്ന പ്രതികാര നടപടികള്‍ ഭയന്നാണ് പരാതിപ്പെടാന്‍ തയാറാവാതിരുന്നതെന്നും യുവതി പറയുന്നു.
ഇതിനിടെ താന്‍ നിരപരാധിയാണെന്നും കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.