ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ കേസുകളിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടികൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീം കോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഒമ്പത് വനിത അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി.
ഇരയെ പ്രതിയില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ് കോടതി വിധി പ്രതിയോട് ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനാണെന്നും, ഇത് ഇരയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
2020 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമ കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു നിബന്ധന. ഇരയുടെ സഹോദരനായി നിന്ന് സംരക്ഷിക്കാനും 11,000 രൂപ നല്‍കാനും ഇരയുടെ കുട്ടിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങാന്‍ 5000 രൂപ നല്‍കാനും ഇന്‍ഡോര്‍ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.