കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവ് വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പൊലീസിന്റെ ശക്തമായ നടപടികൾക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയത്. പാസ്പോർട്ട് റദ്ദാക്കിയതടക്കം പൊലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. വിമാനത്താവളത്തിൽ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കാണ്. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദർശനം നടത്തിയത്. തുടർന്നാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂർണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശമുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് വിജയ് ബാബുവിൻറെ അറസ്റ്റ് കോടതി തടഞ്ഞത്.