സ്വകാര്യ ബസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 5 വര്‍ഷം തടവും പിഴയും ശിക്ഷ

കണ്ണൂര്‍: സ്വകാര്യ ബസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷ. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജയിംസിനെയാണ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരത്തു നിന്നും പയ്യാവൂരിലേക്ക് അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന പതിനൊന്നുകാരന് നേരെയായിരുന്നു അതിക്രമം.

മധ്യവയസ്‌ക്കനായ പ്രതി തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ഉപദ്രവിച്ചു. നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി കുട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ജയിംസിനെ പിടികൂടി, പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പയ്യാവൂര്‍ പൊലീസ് ആണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിച്ചു. കേസില്‍ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയാണ് വാദം കേട്ട് ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

Top