കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത് (മോഹൻലാൽ 31 )നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്.
2019 ൽ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. കോട്ടപ്പടി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എംഎം അബ്ദുൾ റഹ്മാനാണ് സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
എ.എസ്.ഐ എൽദോ കുര്യാക്കോസ്, സീനിയർ സി പി ഒ കെകെ.ശ്രീജ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്‍റ് പ്ലീഡർ പി ആർ ജമുന ഹാജരായി.