ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണ കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് പരാതിക്കാരി. സമിതി പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്നും തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ലന്നും പരാതിക്കാരി ആരോപിച്ചു.
ആഭ്യന്തര സമിതിയുടെ നടപടിക്രമങ്ങള്‍ വീഡിയോയിലോ ഓഡിയോയിലോ പകര്‍ത്തുന്നില്ല, താന്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് നല്‍കുന്നില്ലെന്നും പരാതിക്കാരി പറയുന്നു. നിലവിലെ സമിതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള പീഡനാരോപണത്തിനു പിന്നിലെ ഗൂഢാലോചനയും ഒത്തുകളിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീം കോടതി മുൻ ജഡ്ജി എ.കെ. പട്നായികാണ് അന്വേഷിക്കുന്നത്. 3 സത്യവാങ്മൂലങ്ങളിലൂടെ അഭിഭാഷകൻ ഉത്സവ് ബെയിൻസ് ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ ആരോപിക്കപ്പെട്ട പെരുമാറ്റദൂഷ്യത്തെക്കുറിച്ചുള്ള അന്വേഷണമല്ല ഇതെന്ന് ഉത്തരവിൽ കോടതി എടുത്തുപറഞ്ഞു.
അന്വേഷണത്തിൽ സിബിഐ, ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവികളും ഡൽഹി പൊലീസ് കമ്മിഷണറും സഹായിക്കണമെന്ന് ജഡ്ജിമാരായ അരുൺ മിശ്ര, റോഹിന്റൻ നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന് സമയപരിധി നിർദേശിച്ചിട്ടില്ല. റിപ്പോർട്ട് രഹസ്യരേഖയായി കോടതിക്കു നൽകണം. അതിനുശേഷം കേസ് വീണ്ടും പരിഗണിക്കും.