17കാരനെതിരെ നിരന്തരം ലൈംഗിക ചൂഷണം; യുവതിക്കെതിരെ കേസ്

തിരുവനന്തപുരം: പതിനേഴുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 45കാരിക്കെതിരെ പോക്‌സോ ചുമത്തി.തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി ലൈംഗിക പീഡന വിവരം വെളിപ്പെടുത്തിയത്.

യുവതി കഴിഞ്ഞ രണ്ട് വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പതിനേഴുകാരന്‍ മൊഴി നല്‍കി. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് യുവതി.

രണ്ട് വര്‍ഷം മുമ്പ് ഇവരുടെ വീട്ടില്‍ അവധികാലത്ത് വിരുന്നിനുപോയ സമയത്താണ് യുവതി കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിക്കുന്നത്. പിന്നീട് കുട്ടി സ്‌കൂളില്‍ പോകാതെ ഇവരുടെ വീട്ടില്‍ താമസം തുടങ്ങി. ഇവരുടെ വീട്ടില്‍നിന്ന് സ്‌കൂളില്‍ പോകാമെന്ന കുട്ടിയുടെ ആവശ്യം മാതാപിതാക്കള്‍ സമ്മതിക്കാതിരുന്നതോടെ 17കാരന്റെ സ്വഭാവത്തില്‍ അസ്വാഭാവികത പ്രകടമായി. പെട്ടന്ന് ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുടക്കുയും ചെയ്തു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.

17കാരനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.സ്ത്രീക്കെതിരെ പോക്‌സോ പ്രകാരം 3,4,5 വകുപ്പുകള്‍ ചുമത്തിയതായി പൊഴിയൂര്‍ പൊലീസ് അറിയിച്ചു.

Top