ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധം വഷളായ സഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ സേനയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പാക് അതിര്‍ത്തിയിലുള്ള ബി.എസ്.എഫ് ഔട്ട്‌പോസ്റ്റുകളെ ആധുനികവല്‍ക്കരിക്കാനും ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പുതിയ ബറ്റാലിയനകളെ വിന്യസിക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
പാകിസ്ഥാനുമായുള്ള 2,500 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയിലാകും പ്രധാനമായും ബി.എസ്.എഫ് ശക്തി വര്‍ദ്ധിപ്പിക്കുക.ബി.എസ്.എഫിനായി അതിര്‍ത്തിയില്‍ തീര സംരക്ഷണ സേന മാതൃകയില്‍ വ്യോമ കമാന്‍ഡ് കൂടി ആരംഭിക്കും.
ഇതിനായി സിവില്‍ വ്യോമയാനം, പ്രതിരോധം, തീര സംരക്ഷണ സേന തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി രാജനാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
നിലവില്‍ ബി.എസ്.എഫിന് സ്വന്തമായി വ്യോമവിഭാഗം ഉണ്ടെങ്കിലും പൂര്‍ണമായ നിയന്ത്രണം ഇല്ല. വ്യോമസേനയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വിളിക്കുന്ന പൈലറ്റ്മാരേയാണ് ബി.എസ്.എഫ് വ്യോമവിഭാഗത്തില്‍ ഉപയോഗിക്കുന്നത്.