sfi against ashiq abu-university college issue

തിരുവനന്തപുരം: നിരപരാധികളെ ക്രൂശിലേറ്റുന്നത് തങ്ങളുടെ രീതിയല്ലന്ന് ആഷിഖ് അബുവിന് എസ്എഫ്‌ഐയുടെ മറുപടി.

എസ്എഫ്‌ഐയുമായി ബന്ധമുള്ള ആര് സദാചാര ഗുണ്ട ചമഞ്ഞാലും നടപടി സ്വീകരിക്കുന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ. അപരാധികളെ സംരക്ഷിക്കുന്നത് സംഘടനയുടെ രീതിയല്ല. അതുപോലെ തന്നെ നിരപരാധികളെ ക്രൂശിലേറ്റുകയുമില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി ആക്രമണമാണെന്നും അത് നടത്തിയത് എസ്എഫ്‌ഐയുടെ രണ്ട് രൂപ മെമ്പര്‍ഷിപ്പ് എടുത്ത ആളാണെങ്കില്‍ കൊടിപിടിപ്പിക്കരുതെന്നും ആഷിഖ് അബു ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെ എസ്എഫ്‌ഐ മറുപടി നല്‍കിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഏതെങ്കിലും പ്രവര്‍ത്തകനെതിരെ ആരോപണം ഉന്നയിച്ചു എന്നത് കൊണ്ട് മാത്രം നടപടിയെടുക്കാന്‍ ഉദ്യേശിക്കുന്നില്ല എന്ന് വ്യക്തം.

ആരോഗ്യപരമായ സ്ത്രീ-പുരുഷ ബണ്ഡങ്ങളിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

സദാചാര ഗുണ്ടായിസത്തിന്റെ മറവില്‍ എവിടെയൊക്കെ പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടോ അവിടെയൊക്കെ ശക്തമായി പ്രതികരിച്ച സംഘടനയാണ് എസ്എഫ്‌ഐ.

2012ല്‍ പാലക്കാട് നടന്ന എസ്എഫ്‌ഐയുടെ 31ാം മത് സംസ്ഥാന സമ്മേളനവും 2015ല്‍ തൃശൂരില്‍ നടന്ന 32ാം മത് സംസ്ഥാന സമ്മേളനവും സദാചാര പൊലീസിങ്ങിനെതിരെ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്.

മനുഷ്യത്വരഹിതമായ ഇത്തരം പ്രവണതകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്നും ഈ സമ്മേളനങ്ങള്‍ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തിരുന്നതാണ്

ജനാധിപത്യ സമരങ്ങളെ പോലും ക്രൂരമായി വേട്ടയാടുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ നിലപാടുകള്‍ക്കെതിരെയും സംഘടന നിരന്തരം സമരം നടത്തിയിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടികാട്ടി.

എസ്എഫ്ഐയുടെ നിലപാടുകളും നയങ്ങളുമെല്ലാം പ്രത്യേയശാസ്ത്രപരമായി കപട സദാചാര ബോധത്തിന് എതിരുമാണ്. ഫേസ് ബുക്ക് പോസ്റ്റില്‍ എസ്എഫ്‌ഐ നയം വ്യക്തമാക്കി.

Top